ഇ ബസ് സേവാ പദ്ധതിയുടെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ 38,000 ഇലക്ട്രിക് ബസുകൾ കേന്ദ്രം നല്‍കും. യാത്രാക്കൂലി ഓട്ടോമാറ്റിക്കായി വാങ്ങുന്ന സംവിധാനമുള്ള മെട്രോ മാതൃകയിലുള്ള ബസുകളാണ് നല്‍കുക. 10 നഗരങ്ങളിലായി 950 ബസുകള്‍. 12 മീറ്ററും ഒമ്പത് മീറ്ററും നീളമുള്ള രണ്ട് തരം ലോ ഫ്ളോര്‍ ഇലക്ട്രിക് ബസുകളാണുള്ളത്. അതിൽ 12 മീറ്റര്‍ ബസുകള്‍ക്കാണ് കേരളം ആഗ്രഹം പ്രകടിപ്പിച്ചത്. തിരുവനന്തപുരത്തിനും കൊച്ചിക്കും 150 ബസുകള്‍ വീതം ലഭിക്കും.
ബസുകള്‍ക്കൊപ്പം ഡ്രൈവര്‍മാരെയും പദ്ധതി നല്‍കും. ഇന്ധനച്ചെലവ് സംസ്ഥാനം വഹിക്കണം. കേന്ദ്രം ചാര്‍ജിങ് സ്റ്റേഷനുകള്‍ നല്‍കും. കൂടാതെ, പ്രവര്‍ത്തിപ്പിക്കുന്ന കിലോമീറ്ററുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം വരുമാനത്തിന്റെ ഒരു വിഹിതം കേന്ദ്രത്തിന് നല്‍കണം. കേന്ദ്രവിഹിതം അടച്ച് മറ്റെല്ലാ ചെലവുകളും നടത്തി സംസ്ഥാനത്തിന് ഒരു കിലോമീറ്ററിന് 1015 രൂപ ലാഭം ലഭിക്കുന്ന തരത്തിലാണ് പാക്കേജ് അന്തിമമാക്കിയത്.