കൊയിലാണ്ടി നഗരസഭാ വാര്‍ഡുകള്‍ 44-ല്‍ നിന്ന് 46 ലേക്ക് ഉയരും. നടേരിയില്‍ നിലവില്‍ അണേല, മുത്താമ്പി, തെറ്റിക്കുന്ന്, കാവുംവട്ടം, മൂഴിക്ക് മീത്തല്‍, മരുതൂര്‍ എന്നിങ്ങനെ ആറ് ഡിവിഷനുകളാണ് ഉളളത്. ഇത് ഏഴായി ഉയരാനാണ് സാധ്യത. ഇതേപോലെ കൊയിലാണ്ടി ടൗണിലെ രണ്ട് വാര്‍ഡുകള്‍ പുനസംഘടിപ്പിച്ച് ഒരു വാര്‍ഡ് കൂടി ഉണ്ടാക്കും. ജനസംഖ്യ, വീടുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് വാര്‍ഡുകള്‍ വിഭജിക്കുക. പുഴയ്ക്ക് അപ്പുറമുളള പ്രദേശമെന്നതിനാല്‍ നടേരി ഭാഗത്തോട് പുതിയ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാവില്ല. ആയതിനാല്‍ നിലവിലുളള ആറ് വാര്‍ഡുകള്‍ ഏഴായി ഉയര്‍ന്നേക്കും.
നടേരി ഭാഗത്ത് നിന്ന് യു.ഡി.എഫിന് രണ്ട് അംഗങ്ങളും സി.പി.എമ്മിന് നാല് പേരുമാണ് ഇപ്പോഴുളളത്. നിലിവില്‍ 44 അംഗ നഗരസഭ കൗണ്‍സിലില്‍ 25 അംഗങ്ങളുടെ പിന്തുണയോടെ ഇടതുമുന്നണിയാണ് ഭരിക്കുന്നത്. യു.ഡിഎഫിന് 16 പേരാണ് ഉളളത്. ഇതില്‍ കോണ്‍ഗ്രസ്സിന് പത്തും മുസ്ലിംലീഗിന് ആറ് പേരുമാണ് ഉളളത്. ബി.ജെ.പിയ്ക്ക് മൂന്ന് കൗണ്‍സിലർമാരുമുണ്ട്.
30 വര്‍ഷം മുമ്പാണ് കൊയിലാണ്ടി സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്ത് പദവിയില്‍ നിന്നും നഗരസഭയായി ഉയര്‍ന്നത്. 1993ല്‍ നഗരഭരണ സ്ഥാപന പദവിയില്‍ എത്തിയെങ്കിലും ജനകീയ ഭരണ സംവിധാനം പിറവി കൊണ്ടത് 1995-ലാണ്. കൊയിലാണ്ടി നഗരസഭയുടെ പ്രഥമ അധ്യക്ഷ എം.പി.ശാലിനിയാണ്. തുടര്‍ന്ന് രണ്ട് തവണ കെ.ദാസന്‍ ചെയര്‍മാനായി. പിന്നീട് കെ.ശാന്ത, കെ.സത്യന്‍ എന്നിവര്‍ പദവി വഹിച്ചു. ഇപ്പോള്‍ നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ടാണ്. അടുത്ത തവണ പുരുഷന്‍മാര്‍ ചെയര്‍മാന്‍ സ്ഥാനത്ത് എത്തും.
നഗരസഭ ഭരണം അടുത്ത തവണ കൂടി കയ്യിലാക്കാന്‍ സി.പി.എം പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതായാണ് സൂചന. യു.ഡി.എഫും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ പങ്കെടുത്ത യോഗം കൊയിലാണ്ടിയില്‍ നടന്നിരുന്നു.
കഴിഞ്ഞ തവണ പല വാര്‍ഡുകളും നിസ്സാര വോട്ടുകള്‍ക്കാണ് യു.ഡി.എഫിന് നഷ്ട്ടപ്പെട്ടത്. അത്തരം വാര്‍ഡുകള്‍ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളുമായാണ് യു.ഡി.എഫ് മുന്നോട്ടു പോകുക. ഓരോ പഞ്ചായത്തിലും പയ്യോളി, കൊയിലാണ്ടി മുന്‍സിപ്പാലിറ്റികളിലും വാര്‍ഡു വിഭജനത്തിന്റെ ഗുണദോഷങ്ങളെ പറ്റി പഠിക്കാന്‍ ഈ രംഗത്ത് വിദഗ്ധരായവരെ ഉള്‍പ്പെടുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പരമാവധി ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനും ശ്രമമുണ്ടാകും.