മുന്‍ എം.എല്‍.എ.യും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണന്‍ (75) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച വാഹനം കണ്ണൂരിൽ വച്ച് അപകടത്തിൽപ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി.
1987-ലെ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍നിന്നാണ് അദ്ദേഹം കേരളനിയമസഭയിലെത്തിയത്. കാസര്‍കോട് ജില്ല രൂപവത്കരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഡി.സി.സി. പ്രസിഡന്റ് ആയിരുന്നു കുഞ്ഞിക്കണ്ണന്‍. തൃക്കരിപ്പൂരിൽ നിന്നുള്ള കെ.പി.സി.സി അംഗമാണ്. കണ്ണൂർ ജില്ലക്കാരനാണെങ്കിലും കാസർകോട് കേന്ദ്രീകരിച്ചാണ് പാർട്ടി പ്രവർത്തനം നടത്തി വരുന്നത്. ലീഡർ കെ. കരുണാകരന്റെ അടുത്ത അനുയായിരുന്ന കെ.പി. കുഞ്ഞിക്കണ്ണൻ 1987ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.
ഭാര്യ: കെ. സുശീല (റിട്ട. പ്രഥമാധ്യാപിക കാറമേൽ എ.എൽ.പി സ്കൂൾ). മക്കൾ: കെ.പി.കെ. തിലകൻ (അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, പ്രതിപക്ഷ നേതാവ്), കെ.പി.കെ. തുളസി (അധ്യാപിക സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ). മരുമക്കൾ: അഡ്വ. വീണ എസ്. നായർ (യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), പ്രതീഷ് (ബിസിനസ്). സഹോദരങ്ങൾ: പരേതരായ കമ്മാര പൊതുവാൾ, ചിണ്ട പൊതുവാൾ, നാരായണ പൊതുവാൾ.