സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പുനർവിഭജനപ്രക്രിയയിൽ ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വാർഡ് പുനർവിഭജനം നടത്തും. സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ വാർഡുകളുടെയും അതിർത്തി പുനർനിർണയിക്കും. വാർഡ് പുനർവിഭജനത്തിന്റെ കരട് റിപ്പോർട്ട് തയ്യാറാക്കി ഡീലിമിറ്റേഷൻ കമ്മീഷന് നൽകാനുള്ള ചുമതല ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർക്കാണ്.
ആദ്യഘട്ടത്തിൽ നടക്കുന്ന വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് ഡീലിമിറ്റേഷൻ കമ്മീഷൻ നവംബർ 16ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ 2024 ഡിസംബർ ഒന്നുവരെ കരട് റിപ്പോർട്ടിനെ കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും നൽകാവുന്നതാണ്. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ബന്ധപ്പെട്ട ജില്ലാ കളക്ടർക്കോ നേരിട്ടും രജിസ്റ്റേർഡ് തപാലിലും പരാതികളും ആക്ഷേപങ്ങളും നൽകാം.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളിലെ ഭേദഗതി പ്രകാരം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കുറഞ്ഞത് 14 ഉം കൂടിയത് 24 ഉം വാർഡുകളുണ്ടാകും. ജില്ലാ പഞ്ചായത്തുകളിൽ ഇത് യഥാക്രമം 17 ഉം 33ഉം ആണ്. മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26 ഉം, ഏറ്റവും കൂടിയത് 53 വാർഡുകളുണ്ടാകും. കോർപറേഷനുകളിൽ ഇത് യഥാക്രമം 56ഉം, 101ഉം ആണ്.