ഷിരൂരിൽ ഉത്തരമായി അർജുന്‍റെ മൃതദേഹം കണ്ടെത്തി. ലോറിക്കുള്ളിൽ നിന്നും മൃതദേഹഭാഗങ്ങൾ പുറത്തെടുത്ത് ബോട്ടിലേക്ക് മാറ്റി. ലോറി കരയിലേക്ക് എത്തിക്കും. അർജുനെ കാണാതായതിന്റെ 71ആം ദിവസമാണ് ലോറിയുടെ അവശിഷ്‌ടം കണ്ടെടുക്കാൻ കഴിഞ്ഞത്. ഡ്രഡ്‌ജർ ഉപയോഗിച്ചാണ് ലോഹഭാഗം കരയിലേക്ക് അടുപ്പിച്ചത്. കരുതിയിരുന്നത് പോലെ അഴുകിയ നിലയിലാണ് മൃതദേഹം. എസ്ഡിആർഎഫിന്റെ ബോട്ടിലേക്ക് മാറ്റിയ മൃതദേഹാവശിഷ്‌ടം വൈകാതെ കരയിലെത്തിക്കും. അർജുൻ തിരിച്ച് വരില്ലെന്ന് ഉറപ്പായിരുന്നെങ്കിലും വലിയൊരു ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരം ലഭിച്ചതെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പ്രതികരിച്ചു. ലോറി കണ്ടെത്തിയതിൽ സന്തോഷമല്ല സമാധാനം മാത്രമെന്ന് ലോറി ഉടമ മനാഫും പറഞ്ഞു. വലിയ വൈകാരിക രംഗങ്ങളാണ് ഷിരൂരിലെ രക്ഷാപ്രവർത്തന സ്ഥലം സാക്ഷ്യം വഹിക്കുന്നത്. സ്ഥലം എംഎൽഎയും ജില്ലാഭരണകൂടവും സ്ഥലത്തുണ്ട്.
എല്ലാവർക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞു. അർജുനു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയതുമുതൽ ജിതിൻ ഷിരൂരിൽ ഉണ്ട്. ”കുടുംബത്തെ സംബന്ധിച്ചിടത്തോളം അർജുൻ തിരിച്ചുവരില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. പക്ഷേ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം.” ജിതിന്റെ വാക്കുകൾ.
ജൂലായ് 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായത്. കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ തെരച്ചിൽ പലപ്പോഴും അനിശ്ചിതത്വത്തിൽ തുടർന്നപ്പോഴും, ഡ്രഡ്ജർ എത്തിച്ചുളള തെരച്ചിലിൽ അർജുനെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷയാണ് ഇപ്പോൾ ഏറെ ദുഖപൂർണമാണെങ്കിൽ പോലും ഫലം കണ്ടത്.
അർജുൻ അടക്കം പത്തുപേരാണ് അത്യാഹിതത്തിൽപ്പെട്ടത്. എഴുപേരുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. കർണാടകയിൽ നിന്ന് തടി കൊണ്ടുവരാൻ മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായി അർജുൻ ജൂലായ് എട്ടിനാണ് പോയത്.16നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ലോറിയുടെ ജി പി എസ് സാന്നിദ്ധ്യം ദുരന്ത സ്ഥലത്താണെന്ന് ഭാരത് ബെൻസ് കമ്പനി ലോറി ഉടമയെ അറിയിച്ചതോടെതാണ് അർജുനെ കാണാനില്ലെന്ന വിവരം നാട്ടിൽ അറിഞ്ഞത്.