കൊയിലാണ്ടി നടേരി വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍കൃഷി വികസന പദ്ധതിക്കായി 20.7 കോടി രൂപയുടെ പദ്ധതിയുടെ നിര്‍മ്മാണ പ്രവർത്തികള്‍ പുരോഗമിക്കുന്നു. വെളിയണ്ണൂര്‍ ചല്ലിയോടൊപ്പം നായാടന്‍ പുഴയും പുനരുജ്ജീവിപ്പിക്കാനുളള നടപടികളും വേഗത്തിലായി. നായാടന്‍ പുഴയില്‍ നിന്ന് വെളിയണ്ണൂര്‍ ചല്ലിയിലേക്കുളള ഇടത്തോട് പുനര്‍നിര്‍മ്മിക്കാനുളള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. തോടിന്റെ ഇരു ഭാഗത്തും ഭിത്തി കെട്ടി സംരക്ഷിക്കുന്നുണ്ട്. മണ്ണും ചെളിയും എടുത്ത് മാറ്റി നായാടന്‍ പുഴ സംരക്ഷണത്തിന് 4.87 കോടി രൂപയാണ് ഉപയോഗിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രവർത്തി കരാറെടുത്തത്.
279.78 ഹെക്ടര്‍ പാടശേഖരമാണ് വെളിയണ്ണൂര്‍ ചല്ലിയിലുളളത്. ഇതില്‍ 70 ശതമാനം നെല്‍കൃഷി ചെയ്യാന്‍ കഴിയുന്നതാണ്. ബാക്കിയിടങ്ങളില്‍ ഫാം ടൂറിസം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. പാശ്ചാത്തല സൗകര്യമൊരുക്കി കഴിഞ്ഞാല്‍ രണ്ടാംഘട്ടമായി ഫാം ടൂറിസം പദ്ധതി നടപ്പിലാക്കും.
വെളിയണ്ണൂര്‍ ചല്ലിയുടെ ഏകദേശ മധ്യത്തിലൂടെ ഒറവിങ്കല്‍ താഴ മുതല്‍ ചെറോല്‍ താഴ വരെ നടുത്തോട് നിര്‍മ്മിക്കുന്നതാണ് ഏറ്റവും വലിയൊരു പ്രവർത്തി. ഈ തോടിന്റെ ഇരുവശത്തും ട്രാക്ടര്‍ റോഡുകള്‍ നിര്‍മ്മിക്കും. ചെറോല്‍, മുതുവോട്ട് ഭാഗത്തെ വിസ്തൃതമായ ജലാശയങ്ങളില്‍ ഉല്ലാസ ബോട്ട് സര്‍വ്വീസ് ഏര്‍പ്പെടുത്താനാണ് ലക്ഷ്യം. പാടശേഖരത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ജലം സംഭരിച്ചുനിര്‍ത്താനും ജലക്രമീകരണത്തിനുമായി 10 മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയും മൂന്ന് മീറ്റര്‍ ആഴവുമുളള എട്ട് ചെറുകുളങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്.
ചെറോല്‍താഴ, നമ്പൂരിക്കണ്ടി താഴ, തുരുത്തിത്താഴ എന്നിവിടങ്ങളില്‍ ഉപ്പുവെള്ള പ്രതിരോധ തടയണകളുടെ നിര്‍മ്മാണവും ഒന്നാം ഘട്ടത്തില്‍ നടക്കും. ചല്ലിയിലെ ഉയര്‍ന്ന ഭാഗങ്ങളില്‍ ഔഷധ സസ്യ, പുല്‍കൃഷി എന്നിവ കൃഷി ചെയ്യും. മത്സ്യകൃഷിയ്ക്കും താറാവ് വളര്‍ത്തലിനും വന്‍ സാധ്യതയാണ് വെളിയണ്ണൂര്‍ ചല്ലിയിലുളളത്. 20 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കിയാല്‍ രണ്ടാംഘട്ട വികസന പദ്ധതിക്ക് മറ്റൊരു പ്രോജക്ട് കൂടി തയ്യാറാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വിശാലമായ വെളിയണ്ണൂര്‍ ചല്ലിയില്‍ കഴിയുന്നിടത്ത് നെല്‍കൃഷി സാധ്യമാക്കുകയാണ് ലക്ഷ്യം. ഫാം ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി വിപുലമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് വെളിയണ്ണൂര്‍ ചല്ലി വികസന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.