കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒന്നരമാസത്തിനിടെ മരിച്ചത് 82 പേരാണ്. ഓഗസ്റ്റ് ഒന്നുമുതൽ സെപ്‌റ്റംബർ 19 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം നിലവിൽ 664 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 18 പേർ കോഴിക്കോട് ജില്ലയിൽ മരിച്ചു. 80 പേർക്കാണ് ഇവിടെ രോഗം പിടിപെട്ടത്. പാലക്കാട് ജില്ലയിൽ 12 പേർ, മലപ്പുറത്ത് 10, തിരുവനന്തപുരത്തും തൃശ്ശൂരിലും ഒൻപതുപേർ വീതവും മരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും എലിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒന്നരമാസത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 128 പേർക്കാണിവിടെ രോഗം ബാധിച്ചത്.
എലിപ്പനി 10 ശതമാനം രോഗികളിൽ മാരകമായിത്തീരാൻ സാധ്യതയുണ്ടെന്നാണ് കണക്ക്. എലിയാണ് പ്രധാനമായും രോഗമുണ്ടാക്കുന്നതെങ്കിലും കന്നുകാലികൾ, പന്നി, നായ, പൂച്ച എന്നിവ വഴിയും പകരാം. രോഗാണുവാഹകരായ ജീവികളുടെ മൂത്രം ജലാശയങ്ങളിലും ഓടകളിലെയും കൃഷിയിടങ്ങളിലെയും വെള്ളത്തിലും മറ്റും കലരുന്നതുവഴിയാണ് രോഗം പിടിപെടുന്നത്.