മനോഹരമായ കോഴിക്കോട് ബീച്ചിനോട് ചേർന്ന് നിൽക്കുന്ന നൈനാംവളപ്പിന്‍റെ പ്രൗഢി നഷ്‌ടപ്പെടാതിരിക്കാൻ മുസ്‌ലിം സ്ത്രീകൾ രംഗത്തിറങ്ങി. വർഷങ്ങൾക്ക് മുമ്പെ ചുറുചുറുക്കോടെ ഒരു യുവത കെട്ടിപ്പടുത്ത കൂട്ടായ്‌മക്കും ശക്തിക്കും ഇപ്പോൾ ബലവും ശക്തിയും കുറഞ്ഞ്, ഈ തീരദേശ ഗ്രാമം മയക്കുമരുന്നിന്‍റെ പിടിയിൽ അകപ്പെട്ടു കൊണ്ടിരിക്കുകയാണ്.
മയക്കുമരുന്ന് ഉപയോഗത്തെ ചെറുക്കാൻ വൃദ്ധരായ സ്ത്രീകളടക്കം ഒരു തരി വെളിച്ചവുമായി ഒത്തുചേർന്നിരിക്കുന്നു. നൈനാംവളപ്പ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ‘വനിത മുന്നേറ്റ സദസ്’ നടത്തിയത്. കല്ലായി പുഴയുടെ തീരം തൊട്ട് സമീപത്തെ കണ്ടൽക്കാടുകൾക്കുള്ളിലടക്കം മയക്കുമരുന്നിൻ്റെ ലഹരിയിൽ യുവാക്കളെ കണ്ടെത്തുന്ന ആവർത്തിച്ചുള്ള സംഭവങ്ങളാണ് സ്‌ത്രീകളെ ഇത്തരമൊരു ഉദ്യമവുമായി രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചത്.
യുവാക്കളെ കുടുക്കാൻ മയക്കുമരുന്ന് മാഫിയ അസാധാരണമായ തന്ത്രങ്ങൾ പയറ്റുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്‌ത വനിത ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കുൽസു അഭിപ്രായപ്പെട്ടു. സാമൂഹിക തിന്മയ്‌ക്കെതിരെ പോരാടാൻ പ്രേരിപ്പിച്ചുകൊണ്ട് അവർ സ്ത്രീകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മയക്കുമരുന്നിന്‍റെ മായാവലയത്തിൽ നിന്നും പ്രകാശഭരിതമായ ഒരു ലോകത്തേക്ക് യുവതയെ കൈപിടിച്ചുയര്‍ത്താന്‍ കൈകൾ നിറയെ വെട്ടവുമായി എത്തിയ അമ്മമാര്‍ അത് ഏറ്റു ചൊല്ലി.