ബാലുശ്ശേരി: കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാതയിൽ ഉൾപ്പെട്ട ബാലുശ്ശേരി ടൗണിൽ ഗതാഗത സ്തംഭനം തുടർകഥയാവുന്നു .ബാലുശ്ശേരി ബ്ലോക്ക് റോഡിൽ നിന്ന് തുടങ്ങുന്ന ഗതാഗത കുരുക്ക് പലപ്പോഴും അവസാനിക്കുന്നത് ബാലുശ്ശേരി മുക്കിലാണ്. നൂറുകണക്കിന് വാഹനങ്ങളാണ് പെരുവഴിയിൽ നിത്യവും കുടുങ്ങുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ,മലബാർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് രോഗികളുമായി കുതിക്കുന്ന ആംബുലൻസുകളും പലപ്പോഴും ഗതാഗത കുരുക്കിൽ കുടുങ്ങി കിടക്കുകയാണ്. ബാലുശ്ശേരി ടൗണിൽ ട്രാഫിക് സംവിധാനം ഉണ്ടെങ്കിലും വാഹനങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ പെടാപ്പാട് പെടുകയാണ് ട്രാഫിക് പോലീസുകാർ.
ബാലുശ്ശേരി കൈരളി ജംഗ്ഷനിലാണ് നിത്യേന കൂടുതൽ കുരുക്ക് അനുഭവപ്പെടുന്നത് . ടൗണിൽ നിന്നും കൈരളി റോഡ് വഴി നന്മണ്ടയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ ഈ വഴി വാഹനങ്ങൾ കടന്നു പോകാൻ പ്രയാസപ്പെടുകയാണ് . ഇത് ഗതാഗതക്കുരുക്ക് വർധിക്കാൻ കാരണമാകുന്നുണ്ട് .ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും ടൗണിന്റെ ഹൃദയഭാഗത്ത് പാർക്ക് ചെയ്യുന്നതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ് . ഓട്ടോ റിക്ഷകൾക്ക് പാർക്ക് ചെയ്യാൻ വ്യക്തമായ ഇടമില്ലാത്ത സ്ഥിതിയുമുണ്ട് അവരുടെ ജോലിയെയും ഇത് ബാധിക്കുന്നുണ്ട്. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ബൈപ്പാസ് നിർമ്മിക്കാൻ 10 വർഷം മുൻപ് ഫണ്ട് അനുവദിച്ചെങ്കിലും ബൈപ്പാസ് നിർമ്മിക്കാനുള്ള റൂട്ടു പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പലതവണ സർവ്വേ പ്രവർത്തനങ്ങൾ നടന്നെങ്കിലും എങ്ങും എത്താത്ത സ്ഥിതിയാണുള്ളത്. കൊയിലാണ്ടി ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങളെ പനായിൽ നിന്നും ആരംഭിക്കുന്ന പ്രധാനമന്ത്രി സഡക് യോജന റോഡിലൂടെ കടത്തി വിട്ടാൽ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഇതിലെ എളുപ്പത്തിൽ നന്മണ്ടയിൽ എത്താൻ കഴിയും .ബാലുശ്ശേരിയിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ഇതുകൊണ്ട് പരിഹാരമാകും . ബൈപ്പാസിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടി ഉടൻ ആരംഭിക്കണമെന്ന് വിവിധ സംഘടനകൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും ആർജ്ജവത്തോടെ മുന്നോട്ട് പോകാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. പ്രദേശവാസികളുടെ എതിർപ്പും രാഷ്ട്രീയ ഇടപെടലുമാണ് ബൈപ്പാസ് നിർമ്മാണത്തിന് തടസ്സമാകുന്നത് .
ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ടൗണിലെ പാർക്കിംഗ് സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ ഈ മാറ്റങ്ങൾ ഇനിയും പ്രായോഗികമാക്കാൻ കഴിഞ്ഞിട്ടില്ല. ഗതാഗതക്കുരുക്ക് വർധിക്കുന്നതിനാൽ ഇത് കച്ചവട സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട് ടൗണിൽ പാർക്കിംഗിന് സൗകര്യമില്ലാത്തതിനാൽ വാഹനങ്ങളിൽ എത്തുന്നവർക്ക് ടൗണിലേ കച്ചവട സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കാനും ബുദ്ധിമുട്ടുണ്ട്. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയും പാർക്കിംഗ് സംവിധാനം കാര്യക്ഷമമാക്കുകയും ചെയ്താൽ മാത്രമേ വ്യാപാര മേഖലയ്ക്കും രക്ഷയുള്ളൂ . കച്ചവടം കുറഞ്ഞതിനാൽ പല കച്ചവട സ്ഥാപനങ്ങളും പൂട്ടേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി സമിതി, വിവിധ സന്നദ്ധ സംഘടനകൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഓട്ടോ ജീവനക്കാർ, പഞ്ചായത്ത് അധികൃതർ എന്നിവ അടങ്ങിയ കമ്മറ്റി രൂപീകരിച്ച് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പലതവണ ശ്രമം നടത്തിയെങ്കിലും എങ്ങും എത്താത്ത അവസ്ഥയാണ് ഇന്നും ഉള്ളത് . ബാലുശ്ശേരിയുടെ വികസനത്തിന് ഗതാഗത കുരുക്കിന് പരിഹാരം അനിവാര്യമാണെന്നാണ് ബാലുശ്ശേരി നിവാസികളുടെ ആവശ്യം.