കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ജനകീയമായി നടത്തുന്നതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ തല ജനകീയ സംഘാടക സമിതി രൂപവൽകരിച്ചു. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈ. ചെയർമാൻ അഡ്വ കെ സത്യൻ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു.
ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനം മുതൽ 2025 മാർച്ച് 30 സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ മാലിന്യ പരിപാലനത്തിൽ സുസ്ഥിരത കൈവരിക്കാനും സമ്പൂർണ്ണമാക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഹരിത കേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി.ടി പ്രസാദ് ക്യാമ്പയിൻ അവതരണം നടത്തി.
ജില്ലാ ആസൂത്രണ സമിതി മെമ്പർ എ .സുധാകരൻ നഗരസഭ തല പദ്ധതി അവതരിപ്പിച്ചു. വാർഡുകളിൽ മികച്ച പ്രവർത്തനം നടത്തിയ ഹരിത കർമ്മസേനാംഗങ്ങളെ ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഗൗതമൻ ആദരിച്ചു.
കൃത്യമായ അജൈവ-ജൈവമാലിന്യ സംസ്കരണ സംവിധാന ഒരുക്കുക, ഹരിത കർമ്മസേനയെ ശക്തി പ്പെടുത്തുക, ശുചിത്വ സുന്ദരമായ ടൗണുകൾ പാതയോരങ്ങൾ, മാലിന്യമുക്തമായ ജലസ്രോതസ്സുകൾ, ഹരിത അയൽകൂട്ടങ്ങൾ, ഹരിത റസിഡൻസുകൾ,ഹരിത വിദ്യാലയങ്ങൾ,ഹരിത അങ്കണവാടികൾ,ഹരിത ഓഫീസുകൾ,ഹരിത ടൂറിസം കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് പരിപാടിയിൽ ലക്ഷ്യമിടുന്നത്.
മാലിന്യ പരിപാലനത്തിന് വിരുദ്ധമായി പ്രവൃത്തിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷരായ സി. പ്രജില, കെ. ഇ. ഇന്ദിര, ഇ കെ അജിത്ത്, നിജില പറവക്കൊടി കൗൺസിലർമാരായ പി. രത്നവല്ലി . വി.പി ഇബ്രാഹിം കുട്ടി, കെ. കെ. വൈശാഖ് സെക്രട്ടറി ഇന്ദു എസ്. ശങ്കരി, നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.കെ സതീഷ് കുമാർ എന്നിവർ സംസാരിച്ചു .