കൊയിലാണ്ടി: ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവന്‍ വില്ലേജുകളും ഡിജിറ്റല്‍ ഭൂസര്‍വ്വേ ചെയ്യുന്നതിന്റെ ഭാഗമായി അരിക്കുളം വില്ലേജിലും സര്‍വ്വെ നടപടികള്‍ പുരോഗമിക്കുന്നു.നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനമെമ്പാടും ഭൂസര്‍െവ്വ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ഡ്രോണിന്റെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ അഞ്ചുവര്‍ഷം കൊണ്ട് രാജ്യമാകെ നടപ്പാക്കുന്നതാണ് ഡിജിറ്റല്‍ സര്‍വ്വേ പദ്ധതി.കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ സര്‍വേ പദ്ധതി പ്രഖ്യാപിച്ചത്.രാജ്യത്തെ ഏഴ് ലക്ഷം വില്ലേജുകളില്‍ നിലവില്‍ പദ്ധതി തുടങ്ങി.തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍,കൊല്ലം ജില്ലയിലെ കിളിക്കൊല്ലൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഡിജിറ്റല്‍ ഭൂസര്‍വ്വേ വിജയകരമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ ഭൂസര്‍വേ നടത്താന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്.
20 ശതമാനം സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് സര്‍വ്വേ നടത്തുക.ഡ്രോണ്‍ സര്‍വ്വെ ഫലവത്താകാത്ത സ്ഥലങ്ങളില്‍ അത്യാധുനിക സര്‍വ്വേ ഉപകരണങ്ങളായ റോബോട്ടിക് ഇ.ടി.എസ് മെഷീന്‍ ഉപയോഗിച്ചും ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാക്കും.
ഭൂമിസംബന്ധമായ വിവരങ്ങള്‍ക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പു വരുത്തുന്നതിനാണ് ഡിജിറ്റല്‍ സര്‍വ്വെ നടത്തുന്നതെന്നാണ് റവന്യു വകുപ്പധികൃതര്‍ പറയുന്നത്. ഭൂ ഉടമകള്‍ നികുതി രസീതും ആധാരവും സര്‍വ്വെ സമയത്ത് ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് പരിശോധനയ്ക്കായി നല്‍കണം.സ്ഥലമുടമകള്‍ കാട് വെട്ടി തെളിയിച്ചാല്‍ സര്‍വ്വെ പ്രവര്‍ത്തനം എളുപ്പമാകും.
ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാവുന്നതോടെ ഭൂമി സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്തു വരുന്ന റവന്യൂ,രജിസ്‌ട്രേഷന്‍,സര്‍വ്വേ വകുപ്പുകളുടെ സേവനം ഒറ്റ പോര്‍ട്ടല്‍ വഴി സുതാര്യമായി ലഭ്യമാകുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.ഭൂമി സംബന്ധിച്ച വിവരങ്ങളുടെ പുതുക്കലും എളുപ്പത്തില്‍ സാധ്യമാകും.ഒരു ആവശ്യത്തിനായി പല ഓഫീസുകളില്‍ കയറിയിറങ്ങുന്നതും ഇത് വഴി ഒഴിവാക്കാനാവും.അപേക്ഷകള്‍ ഓണ്‍ലൈനായി കൊടുക്കുവാനും ഓണ്‍ലൈനായി പരിഹരിക്കപ്പെടാനും സാധിക്കും.വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാകും.ഡോക്യുമെന്റേഷന്‍ ജോലികളും വളരെ വേഗത്തില്‍ നടക്കും.