ജവഹര്‍ നവോദയ വിദ്യാലയങ്ങളിൽ 2025ലേക്കുള്ള ആറാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഗ്രാമീണ മേഖലകളിലെ വിദ്യാർഥികളെ ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച നവോദയ വിദ്യാലയങ്ങൾ മികച്ച നിലവാരമുള്ള പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സൗജന്യമായി പഠിക്കാനും അവസരം ഒരുക്കുന്നു. സെലക്ഷന്‍ ടെസ്‌റ്റില്‍ യോഗ്യത നേടുന്നവര്‍ക്കാണ് പ്രവേശനം ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്‌റ്റംബർ 23
അപേക്ഷാർഥികൾ പ്രവേശനം നേടുന്ന ജില്ലയിൽ താമസിക്കുന്നവരാകണം. 2024-25 വര്‍ഷത്തില്‍ അപേക്ഷകര്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളായിരിക്കണം. പ്രവേശന പരീക്ഷ ഒരിക്കല്‍ എഴുതി പരാജയപ്പെട്ടവര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ അര്‍ഹതില്ല. അപേക്ഷകര്‍ 2013 മെയ് 1ന് മുമ്പോ 2015 ജൂലൈ 31ന് ശേഷമോ ജനിച്ചവരായിരിക്കരുത്. പട്ടിക ജാതി, ഒബിസി വിഭാഗത്തിലുള്ളവര്‍ക്കും ഈ നിബന്ധന ബാധകമായിരിക്കും.
ഓരോ വിദ്യാലയത്തിലും 80 പേര്‍ക്കാണ് പ്രവേശനം. ഒരു വിദ്യാലയത്തിലെ 75 ശതമാനം സീറ്റ് ആ ജില്ലയിലെ ഗ്രാമീണ മേഖലയില്‍ നിന്നുള്ളവര്‍ക്കാണ്. ബാക്കി സീറ്റ് ഓപ്പൺ സീറ്റാണ്. അവ ജില്ലയിലെ ഗ്രാമീണ, നഗര പ്രദേശക്കാർക്കായി മെറിറ്റ് അടിസ്ഥാനത്തില്‍ നൽകും. ആകെ സീറ്റുകളുടെ മൂന്നിലൊന്ന് പെണ്‍കുട്ടികള്‍ക്കാണ്. പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കും സംവരണമുണ്ട്. ഒഎംആര്‍ രീതിയിലുള്ള സെലക്ഷന്‍ ടെസ്‌റ്റ് രണ്ട് ഘട്ടങ്ങളായി നടത്തും. ജനുവരി 18ന് രാവിലെ 11.30 മുതല്‍ 1.30 വരെയായിരിക്കും പ്രവേശന പരീക്ഷ. കേരളത്തില്‍ പരീക്ഷയെഴുതുന്നവര്‍ക്ക് ഹിന്ദി, മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളില്‍ ചോദ്യ പേപ്പര്‍ ലഭ്യമാകും. ഓണ്‍ലൈനായി navodaya.gov.in വഴി സെപ്‌റ്റംബർ 23 വരെ നൽകാം. 2025 മാർച്ച്/മേയിൽ ഫലം പ്രഖ്യാപിക്കും. കൂടുതല്‍ വിവരങ്ങളും ഈ സൈറ്റില്‍ ലഭിക്കും.
ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആകെ 653 നവോദയ വിദ്യാലയങ്ങളാണുള്ളത്. കേരളത്തില്‍ 14 ജവഹർ നവോദയ വിദ്യാലയങ്ങളുണ്ട്. വിതുര (തിരുവനന്തപുരം), മായന്നൂര്‍ (തൃശൂര്‍), ലക്കിടി (വയനാട്), വെച്ചൂച്ചിറ (പത്തനംതിട്ട), ചെന്നിത്തല (ആലപ്പുഴ), നേരിയമംഗലം (എറണാകുളം), കുളമാവ് (ഇടുക്കി), മലമ്പുഴ (പാലക്കാട്), വെണ്‍കുളം (മലപ്പുറം), വടവാതൂര്‍ (കോട്ടയം), കൊട്ടാരക്കര (കൊല്ലം),വടകര (കോഴിക്കോട്), പെരിയ (കാസര്‍കോട്), ചെണ്ടയാട് (കണ്ണൂര്‍).