നടി കവിയൂർ പൊന്നമ്മയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്കരിക്കും. രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൾ ടൗൺ ഹാളിലാണ് പൊതുദർശനം. സംസ്കാരം വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ നടക്കും. നിലവിൽ ലിസി ആശുപത്രിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വാര്‍ധക്യസഹജമായ രോഗങ്ങളാൽ ഇന്നലെയാണ് മരണം സംഭവിച്ചത്. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
അർബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ ഇന്നലെ വൈകീട്ടാണ് മരിച്ചത്. കഴിഞ്ഞ മേയ് മാസത്തിൽ ആണ് പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയിൽ തന്നെ സ്റ്റേജ് 4 കാൻസർ ആണ് കണ്ടെത്തിയത്. സെപ്തംബർ 3 ന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ചിച്ചതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.
14 വയസ് മുതൽ 79 വയസ് വരെ നീളുന്ന അസാധ്യമായ കലാസപര്യയ്ക്കാണ് കവിയൂർ പൊന്നമ്മ വിട പറയുമ്പോൾ തിരശീല വീഴുന്നത്. പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്‌സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ആണ് ആദ്യമായി കാമറക്കു മുമ്പിൽ എത്തുന്നത്.
സിനിമയ്‌ക്കൊപ്പം ടെലിവിഷന്‍ സീരിയലുകളിലും പൊന്നമ്മ സജീവമായിരുന്നു. മാത്രമല്ല, സിനിമാ-നാടക പിന്നണി ഗാനരംഗത്തും പൊന്നമ്മ കഴിവ് തെളിയിച്ചിട്ടുണ്ട്. നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ല്‍ മണിസ്വാമി അന്തരിച്ചു. മകള്‍ ബിന്ദു അമേരിക്കയിലാണ് താമസം.