ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ ആറുമുതൽ

ദുബായ് : ലോകത്തിലെ ഏറ്റവുംവലിയ വ്യാപാരോത്സവങ്ങളിലൊന്നായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡി.എസ്.എഫ്.) ഡിസംബർ ആറു മുതൽ അടുത്തവർഷം ജനുവരി 12 വരെ നീണ്ടുനിൽക്കും. ആകർഷകമായ കിഴിവുകളും ലോകപ്രശസ്ത കലാകാരൻമാർ അണിനിരക്കുന്ന വിനോദപരിപാടികളും കൈനിറയെ സമ്മാനങ്ങളുമാണ് വ്യപാരമഹോത്സവത്തിന്റെ 30-ാം പതിപ്പിലുള്ളത്. ഷോപ്പിങ്ങും വിനോദവും സമന്വയിക്കുന്ന എമിറേറ്റിലെ പ്രധാന ശൈത്യകാല ഉത്സവമാണ് ഡി.എസ്.എഫ്. 1000-ത്തിലേറെ പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങളിൽ വമ്പിച്ച വിലക്കുറവ് പുതിയ പതിപ്പിലുണ്ടാകും.

പുതുവത്സരാഘോഷങ്ങൾ, തീം പാർക്കുകൾ ,സാഹസികപ്രവർത്തനങ്ങൾ എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങൾ ഇത്തവണയുമുണ്ടാകും. ഡി.എസ്.എഫിന്റെ 38 ദിവസങ്ങളിലും എമിറേറ്റിന്റെ വിവിധപ്രദേശങ്ങളിലുമായി വെടിക്കെട്ടുകൾ, ഡ്രോൺ പ്രദർശനങ്ങൾ എന്നിവ സൗജന്യമായി ആസ്വദിക്കാം. ഷോപ്പിങ് ഉത്സവത്തിന്റെ സമഗ്ര ഗൈഡ് ഉടൻ പുറത്തിറക്കും. സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവങ്ങൾക്കായി ലോകത്തിന്റെ വിവിധകോണിൽനിന്ന് ആളുകൾ ഡി.എസ്.എഫ്. വേളയിൽ ദുബായിലേക്കെത്താറുണ്ട്.

Leave a Reply

Your email address will not be published.