കൊയിലാണ്ടി: ദേശീയ പാത 66 ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്തി ടൗണിൽ സമര സായാഹ്നം നടന്നു. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന തരത്തിൽ നിർമ്മാണം നടക്കുന്ന ദേശീയ പാതയുടെ പ്രവൃത്തികൾ പുന:പരിശോധിച്ച് ജനങ്ങളുടെ യാത്രാമാർഗ്ഗം സുഗമമാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത കാനത്തിൽ ജമീല എം.എൽ.എ ആവശ്യപ്പെട്ടു.നിർദ്ദിഷ്ട ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന വന്മുഖം- കീഴൂർ പി.ഡബ്ല്യു.ഡി റോഡ് നിലവിലെ പ്ലാൻ അനുസരിച്ച് അടക്കുന്ന നിലയിലാണ്. 20-ാം മൈൽ, പാലൂർ മേഖലയിൽ അണ്ടർ പാസും ഗോപാലപുരം മേഖലയിൽ ഫൂട്ട് ഓവർ ബ്രിഡ്ജും അനിവാര്യമായ സാഹചര്യമാണ് ഉള്ളത്. ദേശീയപാതയുടെ സർവ്വീസ് റോഡിനോട് ചേർന്നുള്ള ഡ്രൈനേജ് നിർമ്മാണത്തിലും അപാകതകൾ നിലനിൽക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങൾക്ക് നാഷണൽ ഹൈവേ അതോറിറ്റി പരിഹാരം കാണണമെന്ന് സമരം ആവശ്യപ്പെട്ടു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ച സമര സായാഹ്നത്തിൽ രാമകൃഷ്ണൻ കിഴക്കയിൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ എം.പി.ശിവാനൻ ,ദുൽഖിഫിൽ, ജനപ്രതിനിധ്യികളായ കെ. ജീവാനന്ദൻ, ചൈത്രാ വിജയൻ, പപ്പൻ മൂടാടി, സുഹറഖാദർ, എം.കെ.മോഹനൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വിജയരാഘവൻ മാസ്റ്റർ, രൂപേഷ് കൂടത്തിൽ, കെ.എം.കുഞ്ഞിക്കണാരൻ, എം.നാരായണൻ, ചേനോത്ത് ഭാസ്കരൻ , സി.ഗോപാലൻ, സിറാജ് മുത്തായം, യു.വി.മാധവൻ, റസൽ നന്തി, കൺവീനർ വി.വി.സുരേഷ് എന്നിവർ സംസാരിച്ചു.