പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്ന സപ്ലൈകോയ്‌ക്ക് ഓണക്കാല വിൽപ്പനയിൽ വൻമുന്നേറ്റം. ഈ മാസം ഒന്നുമുതൽ 14വരെ 123.56 കോടിയുടെ വിറ്റുവരവുണ്ടായി. ഇതിൽ 66.83 കോടി രൂപ സബ്സിഡി ഇനങ്ങളുടെ വിറ്റുവരവിലൂടെയാണ്. സബ്സിഡിയിതര ഇനങ്ങളുടെ വിൽപ്പനവഴി 56.73 കോടി ലഭിച്ചു. സപ്ലൈകോ പെട്രോൾ പമ്പുകളിലെയും എൽപിജി ഔട്ട്‌ലറ്റുകളിലെയും വിറ്റുവരവ് കൂടാതെയാണി നേട്ടം
26.24 ലക്ഷംപേർ സപ്ലൈകോ വിൽപ്പനശാലകളിലെത്തി. 21.06 ലക്ഷം പേരാണ് അത്തം മുതൽ ഉത്രാടംവരെ സപ്ലൈകോ വിൽപ്പനശാലകളിൽ എത്തിയത്. 14 ജില്ലാ ഫെയറുകളിൽനിന്നുമാത്രം 4.03 കോടി രൂപയുടെ കച്ചവടമുണ്ടായി. സബ്സിഡി ഇനത്തിൽ 2.36 കോടി രൂപയുടെയും സബ്സിഡിയിതര ഇനത്തിൽ 1.67 കോടി രൂപയുടെയും വിറ്റുവരവുണ്ടായി.
ജില്ലാ ഫെയറുകളിൽ കൂടുതൽ വിൽപ്പന നടന്നത് തിരുവനന്തപുരത്താണ്. 68.01 ലക്ഷം രൂപ. സബ്സിഡി ഇനത്തിൽ 39.12ലക്ഷം രൂപയുടെയും സബ്സിഡി ഇതര ഇനത്തിൽ 28.89 ലക്ഷം രൂപയുടെയും വിറ്റുവരവാണുണ്ടായിരിക്കുന്നത്.
തൃശൂർ (42.29 ലക്ഷം രൂപ) രണ്ടാമതും കൊല്ലം (40.95 ലക്ഷം രൂപ) മൂന്നാമതും കണ്ണൂർ (39.17 ലക്ഷം രൂപ) നാലാമതുമെത്തി. ഓണം ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും ആറുമുതൽ 14 വരെ ഉച്ചയ്‌ക്കുള്ള ഡീപ് ഡിസ്കൗണ്ട് സെയിലിനും മികച്ച പ്രതികരണം ലഭിച്ചു. ഈ സമയത്തുമാത്രം 1.57 ലക്ഷം ഉപഭോക്താക്കൾ വൻ വിലക്കുറവിൽ സാധനങ്ങൾ സ്വന്തമാക്കി.