മലപ്പുറം ജില്ലയില്‍ എംപോക്‌സ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളത് 30 പേര്‍. ഇതില്‍ 23 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ വിദേശത്താണ്. സമ്പര്‍ക്കപട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഈ മാസം 13നാണ് യുവാവ് യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയത്. കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവ് ടാക്‌സിയിലാണ് വീട്ടിലെത്തിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്നതിന് മുമ്പ് യുവാവ് നാട്ടിലെ ക്ലിനിക്കിലും ചികിത്സ തേടിയിരുന്നു.
മലപ്പുറം ഒതായി സ്വദേശിക്കാണ് കഴിഞ്ഞ ദിവസം എംപോക്‌സ് സ്ഥിരീകരിച്ചത്. ചിക്കന്‍പോക്‌സിന് സമാനമായ ലക്ഷങ്ങളും പനിയുമായാണ് യുവാവ് ചികിത്സ തേടിയത്. സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുള്‍പ്പടെ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മലപ്പുറത്ത് എത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഇന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പ്രോട്ടോകോള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. എംപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയുണ്ടാകും. ഇതിനുള്ള സജ്ജീകരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷങ്ങള്‍ കണ്ടാല്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.