റെയിൽവേ അധികാരികളുടെ ഉഗ്രശാസനകളും ദേശീയപാത വികസനത്തിൻ്റെ അശാസത്രീയമായ പ്രവർത്തനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന നന്തിയിലേയും അനുബന്ധ പ്രദേശങ്ങളിലെയും വലിയൊരു ജനവിഭാഗത്തിൻ്റെ ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് നന്തി സാംസ്കാരിക സുഹൃദ് സംഘം ഇന്ന് നന്തി ടൗണിൽ വമ്പിച്ച ധർണ്ണ നടത്തി.
പ്രമുഖ മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകൻ അഡ്വ. വിനോദ് പയ്യട ധർണ്ണ ഉദ്ഘാടനം ചെയ്തു. എം.കെ.സത്യൻ അദ്ധ്യക്ഷനായി. ബി ഒ ടി പാതയല്ല, വ്യവസായ പാതയാണിതെന്നും എല്ലാറ്റിനും സമരം ചെയ്താലെ കാര്യം നടക്കൂ എന്നത് മാറാൻ ദീർഘവീക്ഷണമാവശ്യമാണെന്നും വിനോദ് പയ്യട പറഞ്ഞു.
കാലങ്ങളായി നന്തിയിൽ നിന്ന് പള്ളിക്കര വഴി കീഴൂരിലേക്കുള്ള റോഡ് ദേശീയപാതയുടെ ഭാഗമായി വരുന്ന നന്തി -ചെങ്ങോട്ട്കാവ് ബൈപാസിന് വേണ്ടി മണ്ണ് മല തീർത്ത് നന്തിയെ ഒറ്റപ്പെടുത്തുന്നതിന് പകരം ശ്രീശൈലം വരെ സ്പാൻ ബ്രിഡ്ജ് നിർമ്മിച്ചാൽ മണ്ണ് മലക്ക് ഇരുവശത്തായി രൂപം കൊള്ളാൻ സാധ്യതയുള്ള മാലിന്യ തടാകത്തിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും ടൗണിനെ രക്ഷിക്കാൻ കഴിയുമെന്ന് പ്രാസംഗികർ പറഞ്ഞു. വിജയരാഘവൻ ചേലിയ, ഷിഹാസ് ബാബു ഡാലിയ, ടി.കെ.നാസർ, പവിത്രൻ ആതിര, കെ.പി.ശശി, പി.കെ.മുഹമ്മദലി, പി.കെ.നൗഷാദ് പി.കെ.സുരേഷ്, റഷീദ് മണ്ടൊളി തുടങ്ങിയവർ സംസാരിച്ചു.