നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഏഴര വര്‍ഷത്തിന് ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം തേടി നേരത്തേ സുനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. പിന്നാലെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. 2017 ഫെബ്രുവരി 23 നാണ് സുനി അറസ്റ്റിലായത്. പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല. പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു.
ഏഴ് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന സുനി ഹൈക്കോടതിയില്‍ മാത്രം പത്ത് തവണയാണ് ജാമ്യഹര്‍ജി നല്‍കിയത്. നടന്‍ ദിലീപുകൂടി പ്രതിയായ കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് നേരത്തേ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. സുനിക്ക് ജാമ്യം ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് കാണിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കേരള സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കൂടാതെ സുനിക്ക് ജാമ്യം അനുവദിച്ചാല്‍ വിചാരണ നടപടികള്‍ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതെല്ലാം തള്ളിയാണ് സുപ്രീം കോടതി സുനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസില്‍ നീതിപൂര്‍വമായ വിചാരണ നടക്കുന്നില്ലെന്ന് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞു. ദീലിപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ട് പോകുന്നതെന്നും പള്‍സര്‍ സുനി വാദിച്ചു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ടത്. നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പള്‍സര്‍ സുനി പിടിയിലായത്.