കൊയിലാണ്ടി: മലരി കലാമന്ദിരം നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തുന്ന പുരന്തര ദാസർ പുരസ്കാരം ഇത്തവണ പ്രശസ്ത തബല വാദകൻ ഉസ്‌താദ് വി.ഹാരിസ് ഭായ്ക്ക് നൽകുമെന്ന് സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് അറിയിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിൽ കേരളത്തിന്റെ അഭിമാനമാണ് ഉസ്താദ് വി ഹാരിസ് ഭായ്.
കാഞ്ഞങ്ങാട് മുതൽ തൃശ്ശൂർ വരെയുള്ള മേഖലകളിൽ ആയിരക്കണക്കിന് ശിഷ്യന്മാരെ ചേർത്തുപിടിച്ച ഈ ഗുരുനാഥന് വിദേശത്തും നിരവധി ശിഷ്യന്മാരുണ്ട്. കയ്യിൽ വന്നുചേർന്ന സംഗീതത്തിൻ്റെ മാന്ത്രിക സ്‌പർശം ഒരു അവധൂതനെപോലെ മറ്റുള്ളവർക്കായി ഇദ്ദേഹം പകർന്നുനൽകുന്നു. 78 മത്തെ വയസ്സിലും ഇദ്ദേഹം യാത്ര തുടരുകയാണ്. തബലയിൽ മാത്രമല്ല ഹാർമോണിയത്തിലും നിരവധി പ്രഗത്ഭ ഗുരുക്കന്മാരുടെ ഗുരുനാഥനാണ് ഹാരിസ്‌ഭായ്.
2005 ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങളും ആദരവുകളും ലഭിച്ചിട്ടുണ്ട്. വേങ്ങാട് പീപ്പിൾസ് ക്ലബിലാണ് ആദ്യമായി തബല ക്ലാസ് ആരംഭിച്ചത്. ഇപ്പോഴും തന്റെ വീട് ഗുരുകുലമാക്കി ഹിന്ദുസ്ഥാനി ശൈലിയിൽ വാദ്യോപകരണങ്ങൾ അഭ്യസിപ്പിച്ചുവരുന്നു.
സംസ്ഥാന കലോത്സവങ്ങളിൽ തുടർച്ചയായി ഒന്നാം സമ്മാനം നേടിയ ശിഷ്യർ നിരവധിയാണ്. കൊൽക്കത്ത രവീന്ദ്രനാഥ സർവ്വകലാശാലയിലെ നിഖിൽ ഭാരതി കോളേജിൽ നിന്ന് സ്വർണ്ണമെഡൽ നേടിയ പ്രശസ്‌ത തബല വാദകൻ റോഷൻ ഹാരിസ് മകനാണ്. വളപട്ടണം സി.കെ. മമ്മുഹാജിയിൽ നിന്നാണ് ഇദ്ദേഹം ബാലപാഠങ്ങൾ അഭ്യസിച്ചത്.
1965 കാലഘട്ടത്തിൽ ബോംബയിലെത്തിയ ഇദ്ദേഹം ഹിന്ദിയും ഉറുദുവും അതിനോടൊപ്പം പ്രഗത്ഭ സംഗീതജ്ഞരിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചു. യഥാർത്ഥ ഹിന്ദുസ്ഥാനി സംഗീത ശൈലി ഗസലുകൾക്ക് തബല വായിക്കുന്ന പ്രഗത്ഭരായ മിക്ക കലാകാരന്മാരും ഇദ്ദേഹത്തിന്റെ ശിഷ്യരാണ്.
കൊയിലാണ്ടി മലരി കലാമന്ദിരം ഈ വർഷം നൽകുന്ന 11-ാമത് ‘സംഗീത പിതാമഹൻ പുരന്ദരദാസർ പുരസ്ക്‌കാരം’ (പതിനായിരത്തിഒന്ന് രൂപയും പ്രശസ്തി പത്രവും) ഒക്ടോബർ 12 ന് നവരാത്രി സംഗീതോത്സവ വേദിയിൽ വെച്ച് പാലക്കാട് പ്രേംരാജ് ഇദ്ദേഹത്തിന് സമർപ്പിക്കും.