അരവിന്ദ് കെജ്‌രിവാളിന് പകരം ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ഡൽഹി മുഖ്യമന്ത്രിയാകും. എ.എ.പി എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനം ഒഴിയുന്ന അരവിന്ദ് കെജ്‌രിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. അതിഷി മുഖ്യമന്ത്രിയാവുന്നതോടെ, ഡൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും. സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുമ്പ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു വനിതകൾ.
എ.എ.പി എം.എൽ.എമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതൽ നേതാക്കളും നിർദേശിച്ചത് അതിഷിയുടെ പേരാണ് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ധനം, റവന്യൂ, വിദ്യാഭ്യാസം അടക്കം 13 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.









