കോഴിക്കോട്: ഓണപ്പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷയുടെ തലേദിവസം തന്നെ സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ യൂട്യൂബ് ചാനലുകൾ വഴി വിദ്യാർഥികളിലേക്ക് എത്തിച്ചു നൽകി പരീക്ഷാ സമ്പ്രദായത്തിന്റെയും പൊതുവിദ്യാഭ്യാസ മേഖലയുടെയും വിശ്വാസ്യത തകർക്കുന്ന സ്വകാര്യ ട്യൂഷൻ സെന്റർ അധ്യാപക ഉദ്യോഗസ്ഥ ലോബിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു.
ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ എസ്.എസ്.എ തയ്യാറാക്കുന്ന ചോദ്യപ്പേപ്പർ ബി.ആർ.സി വഴി സ്കൂളുകളിൽ എത്തി പരീക്ഷയുടെ രണ്ടോ മൂന്നോ മണിക്കൂർ മുൻപാണ് ചോദ്യപേപ്പർ പൊട്ടിക്കാൻ അനുവാദമുള്ളത് എന്നിരിക്കെ എസ്.എസ്.എ യിൽ പ്രവർത്തിക്കുന്ന അധ്യാപകരിൽ നിന്നാണ് പരീക്ഷ ചോദ്യപ്പേപ്പറുകൾ ചോരുന്നതെന്ന് കെ.എസ്.യു ആരോപിച്ചു.
സ്കൂളുകളിൽ പരീക്ഷ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് വലിയ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ഇതെല്ലാം നോക്കുകുത്തിയാക്കുകയാണ് സ്വകാര്യ ട്യൂഷൻ സെന്റർ ലോബി. പരീക്ഷയെ വിദ്യാർത്ഥികൾ ഗൗരവത്തിൽ എടുക്കാതെ ആവുന്നതും അധ്യാപകരുടെ ആത്മവിശ്വാസം തകർക്കുകയും ചെയ്യുന്നത് പൊതു വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി. ടി സൂരജ് പറഞ്ഞു.
രാവിലെ 10 മണിയോടെ ഡി.ഡി.ഇ യെ കാണാത്തിയ കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരെ പോലീസ് ഓഫീസിനു മുന്നിൽ തടഞ്ഞു.
തുടർന്ന് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ജില്ലാ പ്രസിഡണ്ട് വി.ടി സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അർജുൻ കറ്റയാട്ട്, സനൂജ് കുരുവട്ടൂർ, സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ എം.പി രാഗിൻ, പി.എം ഷഹബാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അനുഗ്രഹ മനോജ്, ഫിലിപ്പ് ജോൺ, തനുദേവ് കൂടാപോയിൽ, ശ്രേയ മനോജ് എന്നിവരെ കസബ പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു.