കണ്ണൂരിൽ ഓണാഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടി. കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിൽ ഇന്നലെയാണ് സംഭവം. കാറിന് മുകളിലും വാതിലിലും ഇരുന്നായിരുന്നു യാത്ര. വഴിയാത്രക്കാരാണ് ഈ വീഡിയോ പകർത്തിയത്.
ഇതിനിടെ കോഴിക്കോട് ഫാറൂഖ് കോളേജിലും ഓണാഘോഷം അതിരുവിട്ടിരുന്നു. അപകടകരമായ രീതിയിൽ വാഹനങ്ങളിൽ വിദ്യാർത്ഥികൾ യാത്ര ചെയ്ത സംഭവത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും കേസെടുത്തു. വിദ്യാർത്ഥിനികൾ അടക്കമുള്ളവരാണ് കാറുകളുടെ ഡോറുകളിൽ കയറിയിരുന്ന് യാത്ര ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് സംഭവം. റോഡിൽ വലിയ രീതിയിൽ ഗതാഗത തടസം സൃഷ്ടിച്ചായിരുന്നു അതിരുവിട്ട ഓണാഘോഷം.
കോളേജിന് പുറത്തായിരുന്നു വിദ്യാർത്ഥികളുടെ വാഹനങ്ങളിലെ ഓണാഘോഷം. കറുത്ത വസ്ത്രങ്ങളുമായി ബഹളത്തോടെ ഓഡി അടക്കമുള്ള ആഡംബര വാഹനങ്ങളിലായിരുന്നു നാട്ടുകാരെ ബുദ്ധിമുട്ടിച്ചുള്ള വിദ്യാർത്ഥികളുടെ റോഡ് ഷോ. നാട്ടുകാരിൽ ചിലരാണ് ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചത്. കാറുകൾ തിരിച്ചറിഞ്ഞതായും ഉടൻ തന്നെ തുടർനടപടികളുണ്ടാവുമെന്നുമാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്.