തിക്കോടിയിൽ പോലീസ് ഇടപെടലിനെ തുടർന്ന് പൊളിച്ചുമാറ്റിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് അടിപ്പാത സമരം പൂർവാധികം ശക്തമായി തുടരാൻ ആക്ഷൻ കമ്മിറ്റി ജനറൽ ബോഡി ഏകകണ്ഠമായി തീരുമാനിച്ചു. എംഎൽഎ, എംപി തുടങ്ങിയ ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ -സംസ്ഥാന നേതാക്കളെയും സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടനകളെയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വമ്പിച്ച ജനകീയ കൺവെൻഷനോടെ സമരപ്പന്തലിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതാണ്.
അനിശ്ചിതകാല റിലേ നിരാഹാരം, കലക്ടറേറ്റ് ധർണ തുടങ്ങിയ സമരപരിപാടികളും തുടർന്ന് നടത്തുന്നതാണ്.
സമരസമിതി പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കർമ്മസമിതി ചെയർമാൻ വി.കെ അബ്ദുൾ മജീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ.വിശ്വൻ,കെ പി ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി റംല, മെമ്പർമാരായ എൻ. എം. ടി അബ്ദുള്ളക്കുട്ടി, സന്തോഷ് തിക്കോടി എന്നിവർ സംസാരിച്ചു.
ജയചന്ദ്രൻ തെക്കേക്കുറ്റി, എൻ പി മുഹമ്മദ്, വിനോദൻ കരിയാറ്റിക്കുനി, ഇബ്രാഹിം തിക്കോടി, ടി.പി പുരുഷോത്തമൻ, കെ മുഹമ്മദാലി, അശോകൻ ശില്പ, വി കെ സബാഹ്, ഇസ്മായിൽ സി.പി, വി കെ ലത്തീഫ്, റിനീഷ്,നദീർ, കെ വി മനോജ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കൺവീനർ കെ വി സുരേഷ് കുമാർ സ്വാഗതവും ഭാസ്കരൻ തിക്കോടി നന്ദിയും പറഞ്ഞു.