ന്യൂഡല്‍ഹി: സി.പി.എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി(72)അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. രണ്ടു ദിവസമായി രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നാണ് അന്ത്യം.
ദേശീയ തലത്തില്‍ ഇടത് പക്ഷ രാഷ്ട്രീയത്തെ ഉയര്‍ത്തി കൊണ്ടു വരുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവാണ് സീതാറാം യച്ചൂരി. ബി.ജെ.പിക്കെതിരെ മതേതര കക്ഷികളുടെ ബദല്‍ രൂപപ്പെടുത്തുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു.
1952 ഓഗസ്റ്റ് 12നാണ് ചെന്നൈയില്‍ യച്ചൂരി ജനിച്ചത്. സി.പി.എം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ ഇദ്ദേഹത്തെ ദേശീയ ജനറല്‍ സെക്രട്ടറിയായി, 2015 ല്‍ പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. പ്രകാശ് കാരാട്ടിന് ശേഷമാണ് ഇദ്ദേഹം പാര്‍ട്ടി ജനറള്‍ സെക്രട്ടറിയാവുന്നത്. 2015ല്‍ വിശാഖ പട്ടണത്ത് നടന്ന പാര്‍ട്ടിയുടെ 21 മത് പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് യച്ചൂരി ജനറല്‍ സെക്രട്ടറിയാവുന്നത്. തുടര്‍ന്ന് 2018ല്‍ ഹൈദരബാദില്‍ നടന്ന 22 മത് കോണ്‍ഗ്രസും ഇദ്ദേഹത്തെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു. 2005ല്‍ ബംഗാളില്‍ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ വീണ്ടും രാജ്യസഭാംഗമായി. കാര്‍ഷിക സമിതി ചെയര്‍മാന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫേഴ്‌സ് അംഗം, ബിസിനസ് ഉപദേശക സമിതി അംഗം ,ജനറല്‍ പര്‍പ്പസ് കമ്മിറ്റി അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു.
1974-ല്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നു. ജെ എന്‍ യു വിലെ അദ്ദേഹത്തിന്റെ പഠനത്തിനിടയിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഡോക്ട്രേറ്റ് പൂര്‍ത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയില്‍ മോചിതനായ ശേഷം വീണ്ടും പഠനം തുടര്‍ന്നു. അതെ കാലയളവില്‍ മൂന്നു തവണ യച്ചൂരിയെ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
1978 ല്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വര്‍ഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. അന്താരാഷ്ട്രവിഷയങ്ങളുടെ സിപിഎം തലവനും പാര്‍ട്ടി മുഖപ്പത്രമായ പീപ്പിള്‍ ഡെമോക്രസിയുടെ എഡിറ്ററും കൂടി ആണ് യെച്ചൂരി. വാഗ്മിയും നയതന്ത്രജ്ഞനും ആയ യച്ചൂരി, നേപ്പാളില്‍ മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനായി ഒരു മധ്യസ്ഥന്‍ എന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍ പ്രശംസാര്‍ഹമായിരുന്നു. നേപ്പാളിലെ പ്രമുഖ മാവോവാദി നേതാക്കളായ പ്രചണ്ഡ, ബാബുറാം ഭട്ടറായി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു യെച്ചൂരിക്ക്.
ആഗോളവല്‍ക്കരണ ഉദാര വല്‍ക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന നിരവധി രചനകള്‍ സീതാറാം യൊച്ചൂരി നടത്തിയിട്ടുണ്ട്. ‘ആഗോളവല്‍ക്കരണ കാലത്തെ സോഷ്യലിസം’ എന്ന പുസ്തകം ഇതിനു മികച്ച ഉദാഹരണമാണ്. യു പി എ ഭരണത്തില്‍ ഇന്ത്യയില്‍ ഉയര്‍ന്നു വന്ന ഹിമാലയന്‍ അഴിമതികളില്‍ പലതും ആദ്യമേ തന്നെ പാര്‍ലമെന്റില്‍ ഉയര്‍ത്തി കൊണ്ടു വന്നതിലും യെച്ചൂരി വഹിച്ച പങ്ക് വളരെ നിര്‍ണായകമായിരുന്നു. ഇന്ത്യയിലെ മികച്ച പാര്‍ലമെന്റെറിയനായും സീതാറാം യെച്ചൂരി കണക്കാപ്പെടുന്നു.
പിതാവ് പരേതനായ എസ്.എസ് യെച്ചൂരി. അമ്മ: കല്‍പ്പകം യെച്ചൂരി. ദി വയറിന്റെ എഡിറ്ററും മുമ്പ് ബി.ബി.സി ഹിന്ദു സര്‍വ്വീസിന്റെ ഡല്‍ഹി എഡിറ്ററുമായ സീമ ചിസ്തിയെയാണ് യെച്ചൂരിയുടെ ഭാര്യ. അവര്‍ പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റസിഡന്‍ര് എഡിറ്ററായിരുന്നു. യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി 2021 ഏപ്രില്‍ 22ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മറ്റൊരു മകള്‍ അഖില യെച്ചൂരി. നിരവധി പുസ്തകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.