സൈബർ ലോകത്ത് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ തയ്യാറെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വരുന്ന അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്ത് സംഭവിക്കാൻ സാധ്യതയുള്ള എല്ലാവിധ സൈബർ തട്ടിപ്പുകളും തടയുക എന്നതാണ് ലക്‌ഷ്യം. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയ്യായിരത്തോളം വിദഗ്ധരായ സൈബർ കമാൻഡോകളെ വിന്യസിക്കാൻ ആണ് തയ്യാറാകുന്നത്. ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ (ഐ4സി) ഒന്നാം വാർഷികത്തിന്റെ ഭാഗമായി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ആണ് പുതിയ ചുവടുവെയ്പ്പിന് ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചത്.
അതേസമയം സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള ഓൺലൈൻകുറ്റകൃത്യം തടയുന്നതിലെ മികവിനുള്ള പുരസ്‌കാരം കേരള പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ്, സൈബർ എസ്.പി. ഹരിശങ്കർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സൈബർ കമാണ്ടോകളെ വിന്യസിക്കുന്നതിനു പുറമെ നാലു സുപ്രധാന സംരംഭങ്ങൾക്ക് കൂടി കേന്ദ്രസർക്കാർ തുടക്കംകുറിച്ചു. സൈബർ കുറ്റകൃത്യ ലഘൂകരണകേന്ദ്രം (സി.എഫ്.എം.സി.), സൈബർ കുറ്റം അന്വേഷിക്കാൻ സംയുക്തവേദിയായി സമന്വയ ആപ്പ്, സാമ്പത്തികത്തട്ടിപ്പ് തടയാൻ സംശയകരമായ വ്യക്തികളുടെയും സാഹചര്യങ്ങളുടെയും രജിസ്റ്റർ എന്നിവയാണ് തുടക്കം കുറിച്ച മറ്റ് സംരംഭങ്ങൾ.