1893 സെപ്റ്റംബർ 11. അമേരിക്കയിലെ ചിക്കാഗോയിലെ ‘പെർമനന്റ് മെമ്മോറിയൽ ആർട് പാലസാ’യിരുന്നു ആദ്യ ലോക മതസമ്മേളനത്തിന്റെ വേദി. ഹിന്ദുമതത്തെ പ്രതിനിധാനം ചെയ്ത് ഇന്ത്യയിൽ നിന്ന്, അന്ന് അത്രയൊന്നും പ്രശസ്തനല്ലാത്ത, ഒരു ചെറുപ്പക്കാരനായിരുന്നു ആ സമ്മേളനത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഊഴം. കേവലം 30 വയസ്സുമാത്രമുള്ള, കാവി വേഷധാരിയായ, ആ ചെറുപ്പക്കാരന്റെ സാന്നിദ്ധ്യത്തെ അത്ര ഗൗരവത്തോടെ ആയിരുന്നില്ല ആ പണ്ഡിത സദസ്സ് വീക്ഷിച്ചത്. എന്നാൽ അവരുടെ എല്ലാ ആലസ്യത്തേയും ആട്ടിയകറ്റാൻ പര്യാപ്തമായിരുന്നു ആ ചെറുപ്പക്കാരനിലൂടെ നിർഗ്ഗമിച്ച അക്ഷരവിസ്‌ഫോടനം.
“അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ” എന്ന ആ തുടക്കം, ഒരുപക്ഷെ അന്നത്തെ ലോകത്തിന് അത്രയൊന്നും പരിചിതമല്ലാത്ത ‘സർവ്വമതസാരമേകം’ എന്ന മഹത്തായ ആശയത്തിന്റെ ആദ്യ വിളംബരവും ഇന്ത്യൻ മാനവിക കാഴ്ചപ്പാടിന്റെ ശക്തമായ അവതരണവുമായിരുന്നു അത്. അതുകൊണ്ടുതന്നെയായിരുന്നു പാശ്ചാത്യ ജനതയ്ക്ക് അന്നപരിചിതമായ ആ തുടക്കത്തിനു നിലയ്ക്കാത്ത കൈയ്യടി സദസ്സിൽ നിന്നു ലഭിച്ചത്. “സഹിഷ്ണുതയും സാർവ്വലൗകിക സ്വീകാര്യവും, രണ്ടും ലോകത്തിനുപദേശിച്ച മതത്തിന്റെ അനുയായി എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾ സാർവ്വലൌകികസഹിഷ്ണുതയിൽ വിശ്വസിക്കുക മാത്രമല്ല സർവ്വമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നു” എന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ, യഥാർത്ഥത്തിൽ ഇന്ത്യൻ മതേതരത്വത്തിന്റെ ‘മാനിഫെസ്റ്റോ’യാണ്. ആ ഉജ്ജ്വലമായ പ്രസംഗം അദ്ദേഹം അവസാനിപ്പിക്കുന്നത്, “വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തും കൂടി ഈ സുന്ദരഭൂമിയെ ദീഘകാലമായി കയ്യടക്കിയിരിയ്ക്കയാണ്. അവ ഭൂമിയെ അക്രമംകൊണ്ടു നിറച്ചിരിക്കുന്നു, മനുഷ്യരക്തത്തിൽ പലവുരു കുതിർത്തിരിക്കുന്നു, സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു, ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേയ്ക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടും പിശാചുക്കളില്ലായിരുന്നെങ്കിൽ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാൽ അവരുടെ കാലം ആയിക്കഴിഞ്ഞു. ഈ സമ്മേളനത്തിന്റെ ബഹുമാനാർത്ഥം ഇന്നു പുലർകാലത്തു മുഴങ്ങിയ മണി എല്ലാ മതഭ്രാന്തിന്റേയും, വാളുകൊണ്ടോ പേനകൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളടേയും, ഒരേ ലക്ഷ്യത്തിലേയ്ക്കു പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ഇടയിലെ എല്ലാ ദൗർമനസ്യങ്ങളുടേയും, മരണമണിയായിരിക്കട്ടെ എന്നു ഞാൻ അകമഴിഞ്ഞു ആശിക്കുന്നു” എന്നാണ്. സമകാലിക ഇന്ത്യൻ സാഹചര്യത്തിലും ലോക സാഹചര്യത്തിലും ഏറെ പ്രസക്തമാണ് ഇന്ത്യ ജന്മം നല്കിയ എക്കാലത്തേയും മഹാമനീഷികളിൽ ഒരാളായ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം. അത് ലോകത്തെവിടെയുമുള്ള മനുഷ്യപക്ഷത്തിന്റെ സ്നേഹവിളംബരമാണ്.