കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെയും ഹരിത കേരളം മിഷൻ്റെയും, സി ഡബ്ള്യൂ ആർ ഡി എം ന്റെയും നിർവഹണ സഹായത്തോടെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ പഞ്ചായത്തുതല ജല ബജറ്റ് ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ ശശി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ് മുഖ്യാതിഥിയായി.
ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്.
കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളേയും അടിസ്ഥാനമാക്കി ജല ബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കമിടുകയാണ്. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഒരു സംസ്ഥാനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കുന്നത്. ആയതിൽ കോഴിക്കോട് ജില്ലാ പഞ്ചായത്താണ് ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈയൊരു പ്രവർത്തനത്തിന് സംസ്ഥാനത്ത് ആദ്യമായി പ്രോജക്ട് തയ്യാറാക്കിയത്.
ജലസ്രോതസ്സുകളുടെ സംരക്ഷണവും ജലത്തിൻ്റെ ഫലപ്രദമായ ഉപഭോഗത്തിൻ്റെ അനിവാര്യതയും ഉറപ്പു വരുത്തുന്നതിനാവശ്യമായ തുടർ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തിൻ്റെ ഈയൊരു ജലബജറ്റ് അവലംബമാവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
വൈസ് പ്രസിഡന്റ് എൻ പി ശോഭ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ വി സുനിൽ, ഭാസ്കരൻ കൊഴുക്കല്ലൂർ, വി പി രമ, മെമ്പർ ശ്രീനിലയം വിജയൻ, ഇറിഗേഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ മായ, അസിസ്റ്റൻ്റ് സെക്രട്ടറി കെ ആർ ശ്രീലേഖ , ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിരഞ്ജന തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ പി അനിൽകുമാർ സ്വാഗതവും ജൂനിയർ സൂപ്രണ്ട് പ്രവീൺ വി.വി നന്ദിയും പറഞ്ഞു.