സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ പുരോഗമിക്കുന്നു. സെപ്റ്റംബര്‍ ഒന്നു മുതലാണ് സി.പി.എമ്മിന്റെ ഏറ്റവും കീഴ് ഘടകമായ ബ്രാഞ്ചിലെ സമ്മേളനങ്ങള്‍ തുടങ്ങിയത്. സെപ്റ്റംബര്‍ അവസാന വാരം വരെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കും. കോഴിക്കോട് ജില്ലയില്‍ 4500 ലേറെ ബ്രാഞ്ച് കമ്മിറ്റികളാണ് ഉളളത്. വിവിധ തൊഴില്‍ മേഖലകളിലും ബ്രാഞ്ച് കമ്മിറ്റികളുണ്ട്. സംസ്ഥാനത്താകെ അറുപതിനായിരത്തോളം ബ്രാഞ്ചുകള്‍ സി.പി.എമ്മിനുണ്ട്. കണ്ണൂര്‍,കോഴിക്കോട്,തിരുവനന്തപുരം,ആലപ്പുഴ,പാലക്കാട്,എറണാകുളം,തിരുവന്തപുരം ജില്ലകളിലാണ് കൂടുതല്‍ ബ്രാഞ്ചുകള്‍ ഉളത്. ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെയാണ് ലോക്കല്‍ സമ്മേളനങ്ങള്‍. ജില്ലയില്‍ 269 ലോക്കല്‍ കമ്മിറ്റികളാണ് ഉളളത്.നവംബര്‍ മാസം ഏരിയാ സമ്മേളനങ്ങള്‍ വിവിധയിടങ്ങളില്‍ നടക്കും. ജില്ലയില്‍ 16 ഏരിയാ കമ്മിറ്റികളാണ് സി.പി.എമ്മിനുളളത്. കോഴിക്കോട് സൗത്ത്,കോഴിക്കോട് നോര്‍ത്ത്,കോഴിക്കോട് ടൗണ്‍,ഫറോക്ക്,കുന്നമംഗലം,തിരുവമ്പാടി,താമരശ്ശേരി,ബാലുശ്ശേരി,പേരാമ്പ്ര,കുന്നുമ്മല്‍,നാദാപുരം,ഒഞ്ചിയം,വടകര,പയ്യോളി,കൊയിലാണ്ടി,കക്കോടി എന്നീ ഏരിയാ കമ്മിറ്റികളാണ് നിലവിലുളളത്.
ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായാല്‍ 14 ജില്ലകളിലും ജില്ലാ സമ്മേളനങ്ങള്‍ നടക്കും. കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി 25,26,27 തിയ്യതികളില്‍ വടകരയിലാണ് നടക്കുക. സംസ്ഥാന സമ്മേളനം ഇത്തവണ കൊല്ലം ജില്ലയിലാണ്. ഫെബ്രുവരി മാസമാണ് സംസ്ഥാന സമ്മേളനം . പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ രണ്ട് മുതല്‍ അഞ്ച് വരെ മധുരയിലാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കേറ്റ കനത്ത പരാജയത്തോടൊപ്പം,പുതുതായി പി.വി. അന്‍വര്‍ എം.എല്‍.എ ഉയര്‍ത്തിയ വിഷയങ്ങളാണ് ബ്രാഞ്ച് സമ്മേളനങ്ങളിലെ പ്രധാന ചര്‍ച്ചയാവുന്നത്. അന്‍വര്‍ ഉയര്‍ത്തിയ വിഷയത്തിലെ ദുരൂഹതകള്‍ നീക്കാന്‍ പാര്‍ട്ടി നേതൃത്വം ഇടപെടണമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ പ്രധാന ആവശ്യം. പോലീസ് ഭരണത്തില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നതെന്നും പാര്‍ട്ടി അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു.
പുതുമുഖങ്ങളാണ് മിക്കയിടത്തും ബ്രാഞ്ച് സെക്രട്ടറിമാരായി വരുന്നത്. വനിതകളെയും യുവാക്കളെയും കൂടുതലായി സെക്രട്ടറിമാരാക്കുന്നുണ്ട്.അടുത്ത വര്‍ഷം നവംബര്‍ ,ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന നഗരസഭ,പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചു വരവാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിനനുസരിച്ച് പ്രവര്‍ത്തകരെ സജ്ജമാക്കുകയെന്ന വലിയൊരു ലക്ഷ്യം കൂടി പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുണ്ട്.