‘നിരാമയ’ ഇൻഷുറൻസ് പദ്ധതിയിൽ സർക്കാർ പ്രീമിയം അടയ്ക്കാത്തതിനാൽ പരിരക്ഷ കിട്ടാതെ ഭിന്നശേഷിക്കാർ. ഓട്ടിസം, സെറിബ്രൽ പാൾസി, ഒന്നിലധികം വൈകല്യങ്ങൾ തുടങ്ങിയവയുള്ളവർക്ക് ഒരു ലക്ഷം രൂപ വരെ വാർഷികചികിത്സാചെലവ് നൽകുന്ന പദ്ധതിയാണിത്. പദ്ധതിയിൽ ഗുണ ഭോക്താക്കളെ ചേർക്കാനും പോളിസി പുതുക്കാനുമായി 2017 മുതൽ തുക അടച്ചിരുന്നത് സംസ്ഥാനസർക്കാരാണ്.
കഴിഞ്ഞവർഷം മുതൽ സർക്കാർ പ്രീമിയം അട യ്ക്കാതായതോടെ ചികിത്സാചെലവ് ലഭിക്കാത്ത അവസ്ഥയിലാണ് ഭിന്നശേഷിക്കാർ.
ബി.പി.എൽ.വിഭാഗത്തിന് 250 രൂപയും എ.പി. എൽ. വിഭാഗത്തിന് 500 രൂപയുമാണ് പ്രീമിയം. സാമ്പത്തികശേഷിയുള്ളവർ പ്രീമിയം സ്വന്തം നി ലയ്ക്ക് അടയ്ക്കുന്നുണ്ട്. എന്നാൽ അതിനു ശേഷിയില്ലാത്തവർ പദ്ധതിയിൽനിന്ന് പുറത്തായി. വർഷം തോറും പോളിസി പുതുക്കണം. ഇതിനായി എത്തിയപ്പോഴാണ് പലരും സർക്കാർ പ്രീമിയം അടയ്ക്കുന്നില്ലെന്നും ഈ വർഷം പുതുക്കാൻ പിഴ അടയ്ക്കണമെന്നും അറിഞ്ഞത്.
പ്രീമിയം അടച്ചവർക്കും തുകയില്ല. ഗുണഭോക്താക്കൾക്ക് ചികിത്സകഴിഞ്ഞ് ഒരു മാസത്തിനകം ബന്ധപ്പെട്ട ബില്ലുകൾ സമർപ്പിച്ചാൽ ഇൻഷുറൻസ് തുക അനുവദിക്കുമെന്നാണ് വ്യവസ്ഥ. എന്നാൽ രണ്ടുവർഷമായി പ്രീമിയം അടച്ചവർക്കും, രേഖകൾ സമർപ്പിച്ചവർക്കും തുക കിട്ടിയിട്ടില്ല.
ഇൻഷുറൻസ് കമ്പനിയെ സമീപിക്കുമ്പോൾ വ്യക്തമായ മറുപടി കിട്ടുന്നില്ലെന്നും ആക്ഷേപമു ണ്ട്. പ്രീമിയം അടവ് മുടങ്ങിയതോടെ മരുന്നുകൾ, ഇടയ്ക്കിടയ്ക്കുള്ള ആശുപത്രിസന്ദർശനം, യാത്രാചെലവ് തുടങ്ങിയവയ്ക്കായി പ്രയാസപ്പെടുകയാണ് ഭി ന്നശേഷിക്കാരുടെ രക്ഷിതാക്കൾ.