മേപ്പയ്യൂർ: മലയാള സിനിമാ വ്യവസായത്തിൽ കടുത്ത ലിംഗ അനീതിയും ലെെംഗിക ചൂഷണ വെളിപ്പടുത്തലുമാണ് ജ :ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നിട്ടുള്ളത്. റിപ്പോർട്ടിലെ തന്നെ ചില ഭാഗങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കുകയും ചില പേജുകൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ആരോപണ വിധേയരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കേരള പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് സുതാര്യമായ അന്വേഷണം നടത്തി കുറ്റം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായി ശിക്ഷ നടപ്പിലാക്കണമെന്ന് കേരള മഹിളാസംഘം കോഴിക്കോട് ജില്ലാ ക്യാമ്പ് ആവശ്യപ്പെട്ടു.
വീടുകളിലും തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇടപെടലുകൾ ഉണ്ടാവാതിരിക്കാൻ, അവളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ കാലതാമസം വരുത്താതെ ഉണ്ടാവുകയും വേണം.
മേപ്പയ്യൂരിലെ സ :ഇ.ടി. രാധ നഗറിൽ നടന്ന ക്യാമ്പിൻ്റെ രണ്ടാം ദിവസം സത്യൻ കാരയാട്, അജയ് ആവള , അനുവിന്ദ്, സൗരവ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. കേരള മഹിളാസംഘം സംസ്ഥാനപ്രസിഡണ്ട് അഡ്വ പി . വസന്തം, സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജിമോൾ എന്നിവർ ക്യാമ്പിനെ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി ടി.ഭാരതി ഭാവി പ്രവർത്തന പരിപാടികൾ അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട്, പി.പി. വിമല ടീച്ചർ, കെ.ടി. കല്ല്യാണി ടീച്ചർ എന്നിവർ സംസാരിച്ചു. റീന സുരേഷ് ക്യാമ്പ് നടപടികൾ നിയന്ത്രിച്ചു. ഉഷ എൻ കെ നന്ദി പറഞ്ഞു.