കോഴിക്കോട്; ഓണത്തിരക്കും, ലുലുമാളിന്റെ ഉദ്ഘാടനവും അനുബന്ധിച്ച് മാങ്കാവിലെ തിരക്ക് ഒഴിവാക്കാൻ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.
മാങ്കാവ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളിൽ മാളിന് മുന്നിൽ ആദ്യം കാണുന്ന ഒന്നാം നമ്പർ ഗേറ്റ് വഴി സർവ്വീസ് വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. രണ്ടാമത്തെ ഗേറ്റ് വഴിയാണ് പൊതുജനങ്ങൾക്ക് മാൾ കോമ്പോണ്ടിലേക്കുള്ള പ്രവേശനം. അത് വഴി പ്രവേശിക്കുന്നവർ നേരെ പാർക്കിംഗ് ഗ്രൗണ്ടിലേക്കാണ് പോകേണ്ടത്.
വളയനാട് ഭാഗത്ത് നിന്നും, സിറ്റി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വളയനാട് റൗണ്ട് എബൗട്ടേൺ തിരിഞ്ഞു ഗേറ്റ് നമ്പർ 3 വഴി അകത്ത് പ്രവേശിക്കാം. ഗേറ്റ് നാലും, അഞ്ചും പുറത്തേക്ക് ഇറങ്ങാൻ മാത്രമാണ് അനുവദിക്കുക.
നാലാം ഗേറ്റ് വഴി വലത്തോട് തിരിഞ്ഞാണ് മാങ്കാവ് ,മീഞ്ചന്ത, രാമനാട്ട് കര ഭാഗത്തേക്ക് വാഹനങ്ങൾ പോകേണ്ടത്, അഞ്ചാം നമ്പർ ഗേറ്റ് വഴിയാണ് സിറ്റി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് പുറത്ത് കടക്കാനാകുക.
മീഞ്ചന്ത ഭാഗത്ത് നിന്നും സിറ്റി, മാനഞ്ചിറ, പാളയം, വലിയങ്ങാടി , റെയിൽവെ, ബീച്ച് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മാങ്കാവിൽ നിന്നും ഇടത് തിരിഞ്ഞു ഫ്രാൻസിസ് റോഡ് വഴി പോകാനാകും.
ദേശീയ പാത എൻ എച്ച് 66 ലേക്കും പൊറ്റമ്മൽ , കുതിരവട്ടം, തൊണ്ടയാട്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ വളയനാട്- ഗോവിന്ദാപുരം റോഡ് വഴിയും പോകാൻ കഴിയുമെന്നും കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.