ഇന്ന് അത്തം. എക്കാലത്തേയും മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ തിരുവോണത്തിനു നാന്ദികുറിക്കുന്ന ദിവസം. ഏതാണ്ട് 90 കളുടെ പകുതിവരെ ‘അത്തം പത്തിനു പോന്നോണം’ എന്ന കണക്കുകൂട്ടലിൽ പിറ്റേന്നാൾ പറിക്കേണ്ട തുമ്പയെക്കുറിച്ചും അതു കിട്ടുന്ന സ്ഥലത്തെക്കുറിച്ചും കൂട്ടുകാരെക്കാൾ കൂടുതൽ തുമ്പപ്പൂ തങ്ങളുടെ കൊട്ടയിലാക്കാനാവശ്യമായ തന്ത്രങ്ങളെക്കുറിച്ചുമെല്ലാം ആലോചിച്ച് ഉറക്കമിളച്ച് നേരംപുലർത്തിയാണ് കുട്ടികൾ അത്തത്തെ വരവേറ്റിരുന്നത്. അക്കാലത്തെ മുതിർന്നവരാകട്ടെ ‘അത്തം കറുത്താൽ ഓണം വെളുക്കും’ എന്ന പഴഞ്ചൊല്ലിൽ പതിരില്ല എന്ന വിശ്വാസത്തിൽ അല്പം ആശങ്കയോടെയായിരുന്നു അത്തത്തെ കാത്തിരുന്നത്. അത്തത്തെ കുട്ടികളുടെ ഓണമായാണ് അന്നു കണ്ടിരുന്നത്. എന്നാൽ കാലം മാറി. അതനുസരിച്ച് ആളുകളുടെ അഭിരുചികളും മാറി. ഇന്ന് പൂക്കളം തീർക്കാൻ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന പൂക്കളോ അതു പറിക്കാൻ താത്പര്യമുള്ള കുട്ടികളോ ഇല്ല. പകരം ഏതെല്ലാം ഉത്പന്നങ്ങൾ എവിടെയെല്ലമാണ് ഓണക്കിഴിവിൽ വിപണനം നടക്കുന്നത് എന്നുള്ള വ്യാകുലതയിലാണ് ഇന്നു കുട്ടികളും മുതിർന്നവരും. വിളവെടുപ്പ് ഉത്സവമായ ഓണം വിപണനോത്സവമായി മാറുകയും ജാതി മതഭേദമന്യെ എല്ലാവരും അത് പരമാവധി ആഘോഷിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് നമ്മളിപ്പോൾ. ആ അർത്ഥത്തിൽ ഇപ്പോഴാണ് ഓണം മലയാളികളുടെ മതേതര ആഘോഷമായും ദേശീയോത്സവമായും മാറിയത്.
വയനാട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ പകിട്ടാർന്ന ആഘോഷങ്ങൾക്ക് ചേർന്ന ഒരു മാനസികാവസ്ഥയിലല്ല നമ്മൾ മലയാളികൾ. എങ്കിലും ഈ മണ്ണിൽ ബാക്കിനിൽക്കുന്നവർക്ക് എല്ലാ സങ്കടങ്ങളേയും അതിജീവിക്കാൻ പ്രതീക്ഷയുടെ ചില നിമിഷങ്ങൾ അനിവാര്യമാണ്. അതിനായി അത്തം നാളിൽ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും പ്രതീകമായ ധവളശോഭയാർന്ന ഒരു പിടി തുമ്പപ്പൂക്കൾ നമുക്ക് നമ്മുടെ മനസ്സിന്റെ തിരുമുറ്റത്ത് സൂക്ഷിച്ചുവയ്ക്കാം, സ്നേഹത്തിന്റേയും ഒരുമയുടേയും പോന്നോണം തീർക്കാൻ. എല്ലാവർക്കും അത്തം ദിന ആശംസകൾ