സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ, കൂടുതൽ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കി ജനോപകാരപ്രദമാക്കി ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് കെ-സ്റ്റോറുകളെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കെ-സ്റ്റോറുകൾക്ക് ഗ്രാമീണ ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.
നിലവിൽ റേഷൻ കാർഡുകൾക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ ശബരി ,മിൽമ ഉത്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള ഛോട്ടു ഗ്യാസ് സിലിണ്ടറുകളും കെ-സ്റ്റോറുകളിൽ ലഭിക്കും. ഇലക്ട്രിസിറ്റി ബിൽ, ടെലഫോൺ ബിൽ എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ്-സപ്ലൈ ഓഫീസുകളിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടെ 52 ഇനം സേവനങ്ങൾ, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങൾ എന്നിവയും കെ-സ്റ്റോറിലുണ്ട്. കൂടാതെ വ്യവസായ,വാണിജ്യ വകുപ്പിന് കീഴിലുള്ള എം.എസ്.എം.ഇ യൂണിറ്റുകളിൽ നിന്നുള്ള ഉത്പന്നങ്ങളും കെ-സ്റ്റോറുകൾ വഴി വിപണനം നടത്തുന്നുണ്ട്.