ജോലി ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് വിലക്ക് ഏര്‍പ്പെടുത്തി ഗവ. സെര്‍വന്റ്‌സ് കോണ്ടക്ട് റൂളില്‍ ഭേദഗതി. താമസസ്ഥലമോ ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സോ ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ആണെങ്കില്‍ ഇളവുണ്ട്.
ലാബ്, സ്‌കാനിങ് കേന്ദ്രം, ഫാര്‍മസി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കൊപ്പമോ വ്യാവസായിക ആവശ്യത്തിന് നിര്‍മിച്ച കെട്ടിടങ്ങളിലോ സ്വകാര്യ പ്രാക്ടീസ് പാടില്ലെന്നും റൂളില്‍ പറയുന്നു. ഇന്‍സ്‌പെക്ഷന്‍ സമയത്ത് ആധാര്‍ കാര്‍ഡ്, ഏറ്റവും പുതിയ വൈദ്യുതി, ഫോണ്‍ ബില്‍, കരമൊടുക്കിയ രസീതോ, വാടക കെട്ടിടമെങ്കില്‍ അതിന്റെ രേഖയോ ഹാജരാക്കണം. ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്വകാര്യ പ്രാക്ടീസ് പാടില്ലെന്നും ചട്ടത്തില്‍ പറയുന്നു.
സ്വകാര്യ പ്രാക്ടീസ്, യോഗ്യത എന്നിവ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണമോ പരസ്യമോ പാടില്ല. രോഗ നിര്‍ണയ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. പുറത്ത് നിന്ന് ചികിത്സ നല്‍കുന്ന രോഗികള്‍ക്ക് ഡോക്ടര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് കുത്തിവയ്പ്പ്, മരുന്ന്, ഡ്രസിങ് തുടങ്ങി ഒരു സേവനവും ലഭ്യമാക്കരുത്.
സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ സേവനങ്ങളൊന്നും ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശവും ഭേദഗതിയിലുണ്ട്.