പൊതുമരാമത്ത് റോഡുകളെ ഏറ്റവും മികച്ചതാക്കാനുള്ള പുതിയ നിര്‍മാണ രീതികള്‍ പരമാവധി അവലംബിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വെങ്ങളം – കാപ്പാട് റോഡ് നവീകരണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീപാതയില്‍ നിന്നും റെയില്‍വേ ഗേറ്റില്ലാതെ കാപ്പാട് ബീച്ചിലേക്ക് എത്താവുന്ന ഈ റോഡിന്റെ നവീകരണം പൂര്‍ത്തിയാവുന്നതോടെ ഇവിടേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാവും. റോഡിന്റെ നവീകരണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കാനത്തില്‍ ജമീല എം എല്‍ എ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ സിന്ധു സുരേഷ്, എം പി ശിവാനന്ദന്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ അതുല്യ ബൈജു, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം എം പി മൊയ്തീന്‍ കോയ, ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗങ്ങളായ പി. ശിവാനന്ദന്‍, വി അബ്ദുള്ളക്കോയ, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റോഡ്‌സ് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ യു. ജയശ്രീ സ്വാഗതവും കൊയിലാണ്ടി റോഡ്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി കെ രഞ്ജി നന്ദിയുംപറഞ്ഞു.
2.82 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന 2.65 കിലോമീറ്റര്‍ റോഡിന്റെ പ്രവൃത്തികള്‍ ഏഴ് മാസം കൊണ്ട് തീര്‍ക്കാനാണ് പദ്ധതി. 5.5 മീറ്ററില്‍ ബിഎം ആന്റ് ബിസി ഉപരിതലത്തോടെയാണ് റോഡിന്റെ നിര്‍മാണം. കലുങ്കുകളുടെ നിര്‍മാണം, വെള്ളക്കെട്ടുണ്ടാവാറുള്ള ഭാഗങ്ങള്‍ ഉയര്‍ത്തി സാധ്യമായ ഇടങ്ങളില്‍ കാനകള്‍ നിര്‍മിക്കല്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമായി പൂര്‍ത്തിയാക്കും.