ലോകത്തിന് കേരളം നൽകിയ മികച്ച മാതൃകകളിൽ ഒന്നാണ് കുടുംബശ്രീയെന്നും സമൂഹത്തിൽ അവർ സൃഷ്ടിച്ച മാറ്റം വിപ്ലവകരമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ദാരിദ്യ ലഘൂകരണത്തിന്റെ ഭാഗമായിട്ടാണ് കുടുംബശ്രീ പ്രസ്ഥാനം ഉയർന്നു വന്നതെങ്കിലും ഇന്ന് സ്ത്രീകളുടെ മാത്രമല്ല, കുടുംബങ്ങളുടെയും സമൂഹത്തിൻ്റെയും ശാക്തീകരണത്തിലും പുരോഗതിയിലും വലിയ പങ്കാണ് അവർ വഹിക്കുന്നത്. നവ കേരളത്തിന്റെ സൃഷ്ടിയിൽ കുടുംബശ്രീക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും എല്ലാ മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കുക എന്നതാണ് അവർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷനായി. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ അനിത യു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി എം ബാബു, ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് റീന ടി.പി, സ്ഥിരം സമിതി അധ്യക്ഷന്മാരായ അരവിന്ദാക്ഷൻ എം, ടി.കെ ഷൈലജ, പാളയാട്ട് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി. അഷ്റഫ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മുബഷിറ കെ, ഇ.ടി. സരീഷ്, സെഡ്.എ. സൽമാൻ മാസ്റ്റർ, ആസൂത്രണസമിതി ഉപാധ്യക്ഷൻ കെ.വി. കുഞ്ഞിക്കണ്ണൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി എം. സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി സ്വാഗതവും ശ്രീജിത്ത് പി എം നന്ദിയും പറഞ്ഞു.