വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളി പ്രതിഷേധങ്ങൾക്കൊടുവിൽ നടത്താൻ ആലോചന. ഓണാത്തിന് ശേഷം സെപ്റ്റംബർ 28 ന് നടത്താനാണ് നീക്കങ്ങൾ നടക്കുന്നത്. ഭൂരിപക്ഷം ക്ലബുകളും 28 എന്ന തിയതി അംഗീകരിച്ചിട്ടുണ്ട്. ഈ മാസം 24 വരെ മറ്റു പ്രാദേശിക വള്ളംകളികളും നടക്കും. ഇതുമായി ബന്ധപ്പെട്ട് നെഹ്റു ട്രോഫി ബോട്ട് റേസ് (എൻ.ടി.ബി.ആർ) സൊസൈറ്റി എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരുമെന്ന വിവരമാണ് ലഭിക്കുന്നത്.
വള്ളംകളിക്കായി ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ പേരിൽ സംഘാടകർക്കും ക്ലബുകൾക്കും വലിയ ബാധ്യത ആണുള്ളത്. 80 ലക്ഷത്തോളം രൂപ ഇതിനകം ചെലവാക്കിയെന്നും കടം വാങ്ങിയും സ്വർണം പണയം വെച്ചുമാണ് ഈ തുക കണ്ടെത്തിയതെന്നും സംഘാടകർ പറഞ്ഞിരുന്നു. ലക്ഷങ്ങൾ ചിലവഴിച്ച് തയാറെടുപ്പ് നടത്തിയ ബോട്ട് ക്ലബുകൾ നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു.
പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് സർക്കാർ പറയുമ്പോഴും അനിശ്ചിതത്വം നീണ്ടതോടെ പ്രതിപക്ഷത്ത് നിന്നുൾപ്പെടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിനിടെ, വള്ളംകളിക്ക് സർക്കാർ സഹായം ലഭിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനക്ക് ശേഷം ബേപ്പൂർ ഫെസ്റ്റിന് സർക്കാർ തുക അനുവദിച്ചതോടെ വിഷയം കൂടുതൽ വിവാദമാകുകയായിരുന്നു. എന്നാൽ, വള്ളംകളി നടത്താനാണ് സർക്കാർ തീരുമാനമെന്നും വള്ളംകളിക്കൊപ്പം സർക്കാർ ഉണ്ടെന്നും മന്ത്രി റിയാസ് പിന്നീട് വ്യക്തമാക്കുകയായിരുന്നു.