കൊയിലാണ്ടി: ദേശീയപാത 66-ല്‍ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് തുടങ്ങുന്ന നന്തി ടൗണില്‍ വന്മുഖം-പളളിക്കര-കിഴൂര്‍ റോഡ് നിലനിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്‍.എച്ച്.എ.ഐയുടെ പദ്ധതി പ്രകാരം ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഈ ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തി ബൈപ്പാസ് റോഡ് നിര്‍മ്മിക്കാനാണ് തീരുമാനം. ഈ റോഡ് നിലവിൽ വന്നാൽ നന്തി ടൗണിന്റെ വികസനം തടസ്സപ്പെടുകയും നന്തി വന്മുഖം, പള്ളിക്കര, കീഴൂര്‍ റോഡ് അടയ്ക്കുന്നതിന് തുല്യവുമാകും. വന്മുഖം-കിഴൂര്‍ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ ബൈപ്പാസിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന സര്‍വ്വീസ് റോഡിലൂടെ അണ്ടര്‍പാസ് കടന്നു വേണം നന്തി ടൗണിലേക്കും പുതിയ ദേശീയ പാതയിലേക്കും പ്രവേശിക്കാന്‍. ഇത് വലിയ ഗതാഗത കുരുക്കിനും യാത്രാദുരിതത്തിനും ഇടയാക്കും. വന്മഖം-കിഴൂര്‍ റോഡിലൂടെ ഉള്‍നാടുകളിലേയ്ക്ക് ബസ് സര്‍വ്വീസുകളടക്കമുണ്ട്. വീതികുറഞ്ഞ റോഡിലൂടെയുള്ള യാത്ര ഭാവിയില്‍ വലിയ ദുഷ്‌കരമാവും. ആശുപത്രി,ബാങ്കുകള്‍,വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ്,പെട്രോള്‍ പമ്പ്,മാനസിക വൈകല്ല്യമുള്ളവര്‍ക്ക് ആശ്വാസമാകുന്ന നന്തി എഫ്.എം.ആര്‍. ആശാനികേതന്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, കടലോര മേഖല എന്നിവിടങ്ങളിലേക്ക് വരേണ്ടവര്‍ക്കെല്ലാം റോഡ് അടയുന്നത് പ്രയാസമുണ്ടാക്കും. ഈ വഴി അടഞ്ഞുപോയാല്‍ ദൈനംദിനം നന്തി ടൗണുമായി ഇടപെടുന്ന പ്രദേശവാസികള്‍ക്ക് യാത്രക്ലേശം സൃഷ്ടിക്കുകയും നന്തി ടൗണിലെ ചെറുകിടകച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും ജീവിതപ്രതിസന്ധിയും ഉണ്ടാക്കും. പ്രശ്‌നപരിഹാരത്തിനായി നിലവിലുള്ള ഫ്ളൈ ഓവറില്‍ കൂടുതല്‍ സ്പാനുകള്‍ പണിതു വന്മുഖം-കിഴൂര്‍ റോഡ് കഴിഞ്ഞതിന് ശേഷം മാത്രം മണ്‍പാത തുടങ്ങിയാല്‍ ജനങ്ങള്‍ക്ക് നിലവിലുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സം ഉണ്ടാവുകയില്ല.
അശാസ്ത്രീയമായ ഓവുചാല്‍ നിര്‍മ്മാണവും പരിഷ്‌ക്കരിക്കണം. മഴക്കാലത്ത് രൂപപ്പെടുന്ന വെളളം കടലിലേയ്ക്കോ മറ്റ് ജലാശയങ്ങളിലേക്കോ വഴിതിരിച്ചു വിടാനുളള സംവിധാനവും വേണം. പുതുതായി നിര്‍മ്മിച്ച ഓവുചാലുകളില്‍ പലയിടത്തും പാഴ് വസ്തു ക്കളും കല്ലും മണ്ണും അടിഞ്ഞുകൂടിയിട്ടുണ്ട്. അവ അടിയന്തിരമായി നീക്കം ചെയ്യണം. ഓവു ചാലിന് മുകളിലിട്ട സ്ലാബുകള്‍ കനം കുറഞ്ഞതിനാല്‍ പൊട്ടി വീഴാനും സാധ്യതയുണ്ട്. ഇതും അടിയന്തിരമായി മാറ്റണം. പല സ്ഥലങ്ങളിലും ഡ്രെയ്‌നേജ് കവറിംഗ് സ്ലാബുകള്‍ വാഹനങ്ങള്‍ കയറി പൊട്ടിവീഴുകയാണ്. നിരവധി അപകടങ്ങള്‍ ഇതുമൂലം സംഭവിച്ചിട്ടുണ്ട്. നിരന്തരമായി വഗാഡ് കമ്പനിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഇപ്പോഴും സ്ലാബുകള്‍ പൊട്ടിയുണ്ടാകുന്ന അപകടം തുടരുകയാണ്. ഡ്രെയ്‌നേജ് കവറിംഗ് സ്ലാബുകള്‍ അടിയന്തിരമായി പുതുക്കിപ്പണിതില്ലെങ്കില്‍ മതിയായ വീതിയില്ലാത്ത സര്‍വ്വീസ് റോഡില്‍ അപകടങ്ങള്‍ നിത്യസംഭവമാകും.
മൂടാടി ഗ്രാമപഞ്ചായത്തിലെ പുറക്കല്‍, വീമംഗലം പ്രദേശങ്ങളെ നന്തി ടൗണുമായി ബന്ധിപ്പിക്കുന്ന പഞ്ചായത്ത് റോഡ് നിലവില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിഞ്ഞുപോയിരിക്കുന്നു. ഏതാണ്ട് 300-ലധികം വീടുകള്‍ക്ക് ഇതിനാല്‍ നന്തി ടൗണിലേയ്ക്കുള്ള പ്രവേശനം വഴിമുട്ടിയിരിക്കുകയാണ്. നിലവില്‍ പ്രവേശമില്ലാത്തതിനാല്‍ പ്രദേശവാസികള്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റിവളഞ്ഞാണ് നന്തി ടൗണിലേയ്ക്ക് എത്തിച്ചേരുന്നത്. പഞ്ചായത്ത് റോഡ് പുനഃസ്ഥാപിക്കുവാനാവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ദേശീയ പാത അതോറിറ്റി സ്വീകരിച്ചുകൊണ്ട് ജനങ്ങളുടെ യാത്രാപ്രതിസന്ധി പരിഹരിക്കണം.
നന്തി ടൗണിനും തിക്കോടി പഞ്ചായത്തിനും ഇടയ്ക്ക് മൂന്നര കിലോമീറ്ററിനിടയില്‍ അണ്ടര്‍പ്പാസ്സുകളൊന്നുമില്ല . 20-ാം മൈല്‍, പാലൂര്‍ ഭാഗത്ത് കാലങ്ങളായി ഇരുഭാഗങ്ങളെയും ആശ്രയിച്ചുകഴിയുന്നവര്‍ക്ക് മൂന്നര കിലോമീറ്റര്‍ താണ്ടിവേണം ഇരുവശങ്ങളിലേയ്ക്കും പ്രവേശിക്കുവാന്‍. ഇരുപതാം മൈലില്‍ അണ്ടര്‍പാസ്സ് നിര്‍മ്മിക്കണം. മൂടാടി ഗോപാലപുരത്തും ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അനിവാര്യമാണ്. നന്തി ടൗണില്‍ നിന്ന് തുടങ്ങുന്ന ദേശീയപാത ബൈപ്പാസ് ചെങ്ങോട്ടുകാവിലാണ് അവസാനിക്കുന്നത്. വടകര ഭാഗത്തുനിന്നും കൊയിലാണ്ടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പുതിയ ദേശീയപാത ബൈപ്പാസിലേയ്ക്കുള്ള പ്രവേശനം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. സര്‍വ്വീസ് റോഡുകളിലേയ്ക്ക് മാത്രമാണ് മേല്‍പറഞ്ഞ പാത ബന്ധപ്പെടുത്തിയിരിക്കുന്നത്. കൊയിലാണ്ടി-വടകര ദേശീയപാതിയിലെ പ്രധാന ടൗണുകളായ നന്തി, മൂടാടി എന്നിവിടങ്ങളില്‍ ഇരുഭാഗത്തുനിന്നും സര്‍വ്വീസ് റോഡില്‍ നിന്നും ദേശീയപാതയിലേയ്ക്കുള്ള പ്രവേശനം നിര്‍ബന്ധമായും യാഥാര്‍ത്ഥ്യമാക്കണം.
ബൈപ്പാസിനായി മണ്ണെടുത്ത് മാറ്റിയ നന്തി ശ്രീശൈലം കുന്നും, ഗോപാലപുരം ഭാഗത്തും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതിനും പരിഹാരം വേണം. പത്രസമ്മേളനത്തില്‍ മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍,വൈസ് പ്രസിഡന്റ് ഷീജ പട്ടേരി,രാമകൃഷ്ണന്‍ കിഴക്കയില്‍,വി.വി.സുരേഷ്,ചേനോത്ത് ഭാസ്‌ക്കരന്‍, കെ.പി.നാണു എന്നിവര്‍ പങ്കെടുത്തു.