കോഴിക്കോട്: സര്‍ക്കാര്‍ ഏറ്റെടുത്ത കോംട്രസ്റ്റിന്റെ ഭൂമി കോര്‍പ്പറേഷനും സര്‍ക്കാരും സിപിഎമ്മും കയ്യേറ്റം നടത്തി കച്ചവടം നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പ്രസ്താവിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത് രാഷ്ട്രപതി ഒപ്പുവെച്ച് ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് അത് സംബന്ധിച്ച നിയമപരമായ തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ വികെസി മമ്മദ് കോയക്ക് പേ പാര്‍ക്കിംഗിനും താല്‍ക്കാലിക കെട്ടിടത്തിനും അനുമതി കൊടുക്കുന്നത്. ഇത് നിയമവിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. കോംട്രസ്റ്റിന്റെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കാതെ മന്ത്രി മുഹമ്മദ് റിയാസിന്റെ പിതാവ് പ്രസിഡന്റായ സിപിഎമ്മിന്റെ കടലാസ് സൊസൈറ്റിക്കും സിപിഎമ്മിന്റെ മുന്‍ എംഎല്‍എ വികെസി മമ്മദ് കോയക്കും സിപിഎമ്മിന്റെ സഹയാത്രികനായ ഒരു മുതലാളിക്കും ഈ ഭൂമി കയ്യേറാന്‍ ഒത്താശ ചെയ്യുകയാണ്. ഈ നീക്കം കോണ്‍ഗ്രസ് ചെറുക്കും. കോഴിക്കോട്ടെ കണ്ണായ സ്ഥലം സ്ഥിതിചെയ്യുന്ന കോംട്രസ്റ്റ് ഭൂമി തൂക്കിവില്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാറിന്റെയും കോര്‍പ്പറേഷന്റെയും നടപടിക്കെതിരെ ശക്തമായ സമരവുമായി കോണ്‍ഗ്രസ് രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം പ്രസ്തുത സ്ഥലം സന്ദര്‍ശിച്ചു. കെപിസിസി മെമ്പര്‍ കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എസ്.കെ. അബൂബക്കര്‍, മമ്മദ് കോയ, രാജേഷ് കീഴരിയൂര്‍, എന്‍. ഷെറില്‍ബാബു, ബ്ലോക്ക് പ്രസിഡന്റുമാരായ പി. കൃഷ്ണകുമാര്‍, രാജീവ് തിരുവച്ചിറ, ബാബുരാജ്, പി.വി. ബിനീഷ്‌കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.