പേരാമ്പ്ര : പാർലമെൻ്റ് ഇലക്ഷനോടെ സംഘപരിവാറിനെ പോലും കടത്തിവെട്ടുന്ന രീതിയിലാണ് സി.പി.എം. നേതാക്കളുടെ പ്രസംഗങ്ങളും അണികളുടെ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും ഇപ്പോൾ നാം കണ്ടു കൊണ്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് പറഞ്ഞു. എടവരാട് ചേനായിൽ മുസ്ലിം ലീഗ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിൻ്റെ തുടർച്ചയാണ് എടവരാട് ചേനായിൽ മുക്കള്ളിൽ ഷക്കീറിൻ്റെ ഓട്ടോ കത്തിച്ചപ്പോൾ പ്രതികരിക്കാതെ വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരെ മതം തിരിച്ച് ഫെയിസ് ബുക്കിൽ കേട്ടാലറയ്ക്കുന്ന രീതിയിൽ അധിക്ഷേപിച്ച എടവരാട് കൂഞ്ഞാറമ്പത്ത് മിത്തൽ ചന്ദ്രൻ എന്ന വ്യക്തി ആക്രമിക്കപ്പെട്ടതിൻ്റെ പേരിൽ ചേനായിൽ സി.പി.എം പൊതുയോഗം നടത്തി നേതാക്കൾ വർഗ്ഗീയമായ പ്രസംഗം നടത്തിയത്. വർത്തമാന കാലത്ത് കാഫിർ സ്ക്രീൻ ഷോർട്ടിൻ്റെ പിന്നിലും സി.പി.എം ആണെന്ന് തെളിഞ്ഞിരിക്കയാണ്. വർഗ്ഗീയത പറഞ്ഞ് അടുത്ത തെരഞ്ഞെടുപ്പുകളിൽ വോട്ടുപിടിക്കാനുള്ള സി.പി.എം നേതാക്കളുടെ ശ്രമം നാട്ടിൽ സമാധാനവും സൗഹാർദ്ദവും നഷ്ടപ്പെടാൻ കാരണമാകുന്നതിനാൽ നേതാക്കൾ ഇത്തരം പ്രചരണങ്ങളിൽ നിന്ന് പിന്തിരയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി സാജിദ് നടുവണ്ണൂർ മുഖ്യപ്രഭാഷണം നടത്തി.
ചേനായി ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.പി.ഷമീർ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. കുഞ്ഞമ്മത് ഫൈസി, മഞ്ചേരിക്കുന്ന് ശാഖാ പ്രസിഡണ്ട് പി. സൂപ്പി മൗലവി, പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.പി.റസാഖ്, വൈ. പ്രസിഡണ്ടുമാരായ വാളാഞ്ഞി ഇബ്രാഹീം, സി.മൊയ്തു, ചേനായി ശാഖാ ജനറൽ സെക്രട്ടറി കെ.കെ.സി. മൂസ്സ, പഞ്ചായത്ത് യൂത്ത് ലീഗ് വൈ. പ്രസിഡണ്ടുമാരായ കെ.പി.റഫീഖ്, എം.എം ആസിഫ്, ശാഖാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഫ്സൽ സി.സി, ടി.എൻ ബാസിത്, മുഹമ്മദ് സഹൽ പി.സി. പ്രസംഗിച്ചു. മഞ്ചേരിക്കുന്ന് ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.കെ.ലത്തീഫ് സ്വാഗതവും കരുമാറത്ത് ശാഖാ പ്രസിഡണ്ട് ആലിയോട്ട് മജീദ് നന്ദിയും പറഞ്ഞു.