തിരുവോണം ബമ്പർ വിൽപ്പന 23 ലക്ഷത്തിലേയ്ക്ക്. നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ചുകൊണ്ട് പാലക്കാട് ജില്ലയാണ് മുന്നിൽ. മൂന്നു ലക്ഷത്തിനടുത്ത് വിൽപ്പനയുമായി തിരുവനന്തപുരം രണ്ടാമതും രണ്ടര ലക്ഷത്തിനടുത്ത് വിൽപ്പന കൈവരിച്ച് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
തിരുവോണം ബമ്പറിന്റെ (BR 99) പത്തു സീരീസുകളിലെ ടിക്കറ്റുകളിൽ ഒന്നാം സമ്മാനമായി നൽകുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനവും കോടികൾ തന്നെ. പക്ഷേ അത് ഭാഗ്യാന്വേഷികളിലെ 20 പേർക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയോടു കൂടിയതുമാണ്. അങ്ങിനെ 20 കോടി. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് നൽകുന്ന കമ്മീഷൻ കൂടി ലഭിക്കുമ്പോൾ ഇക്കുറി ഒറ്റ ബമ്പർ വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികൾ.
20 പേർക്ക് 50 ലക്ഷം രൂപ വീതം നൽകുന്ന മൂന്നാം സമ്മാനവും (ആകെ പത്തു കോടി-ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 10 പേർക്ക് 5 ലക്ഷം രൂപ വീതം നൽകുന്ന നാലാം സമ്മാനവും (ആകെ അമ്പതു ലക്ഷം- 10 പരമ്പരകൾക്ക് ), 2 ലക്ഷം രൂപ വീതം നൽകുന്ന അഞ്ചാം സമ്മാനവും (ആകെ ഇരുപതു ലക്ഷം- ഓരോ സീരീസുകളിലും ഓരോ സമ്മാനം 10 പേർക്ക് ) ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒൻപതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.