തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ. കേന്ദ്രത്തെ നേരിട്ട് പരാതി അറിയിക്കുന്നതിനായി ഷീ- ബോസ്‌ക് പോർട്ടൽ ആരംഭിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിൽ ആണ് പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന് പുറമേ കേന്ദ്രസർക്കാർ പുതിയ വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്.
ഡൽഹിയിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രി അന്നപൂർണാ ദേവിയാണ് പോർട്ടലും വെബ്‌സൈറ്റും ഉദ്ഘാടനം ചെയ്തത്. വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി ഠാക്കൂറും പരിപാടിയിൽ പങ്കെടുത്തു. നിലവിൽ സിനിമാ മേഖലയിൽ സ്ത്രീകൾ വലിയ ചൂഷണം നേരിടുന്നുവെന്ന് വ്യക്തമാക്കുന്ന സംഭവങ്ങൾ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം പുറത്തുവരുന്നത്. ഇതിനിടെയാണ് ഷി ബോക്‌സ് പോർട്ടൽ കേന്ദ്രം ആരംഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.