മുത്താമ്പിയില്‍ റോഡരികിലെ അനധികൃത മീന്‍ വില്‍പ്പന; അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും – മീൻ മാർക്കറ്റ് വേണം
കൊയിലാണ്ടി: തിരക്കേറിയ മുത്താമ്പി ജംഗ്ഷനിലെ റോഡരികില്‍ നടക്കുന്ന അനധികൃ മല്‍സ്യ വില്‍പ്പന അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. പത്തോളം മല്‍സ്യ വില്‍പ്പനക്കാരാണ് റോഡരിക് കയ്യേറി മല്‍സ്യം വില്‍ക്കുന്നത്. മീന്‍ വാങ്ങാന്‍ വാഹനങ്ങള്‍ റോഡ് മധ്യത്തില്‍ നിര്‍ത്തുന്നതാണ് ഏറ്റവും വലിയ അപകടം.ഓട്ടോറിക്ഷ,കാര്‍,ഇരുചക്രവാഹനങ്ങള്‍ എന്നിവ യാതോരുവിധ ഗതാഗത മര്യാദകളും പുലര്‍ത്താതെയാണ് ഇവിടെ നിര്‍ത്തി മീന്‍ വാങ്ങുക. ഇപ്പോള്‍ കൊയിലാണ്ടി പയ്യോളി റൂട്ടില്‍ രൂക്ഷമായ ഗതാഗത കുരുക്കുളളതിനാല്‍ കണ്ണൂര്‍ ഭാഗത്തേക്കുളള ദീര്‍ഘ ദൂര ബസ്സുകള്‍,ഭാരം കയറ്റിയ ലോറികള്‍ എന്നിവ മിക്ക ദിവസങ്ങളിലും മുത്താമ്പി അരിക്കുളം വഴിയാണ് വടകരയിലേക്ക് പോകുന്നത്. അതിനാല്‍ തന്നെ വാഹനങ്ങളുടെ വലിയ തിരക്കാണ് മുത്താമ്പി റോഡില്‍ അനുഭവപ്പെടുന്നത്. ഇതിനിടയിലാണ് മല്‍സ്യ വില്‍പ്പന നടക്കുന്നത്. മുത്താമ്പി ജംഗ്ഷനില്‍ നിന്നും നാല് ഭാഗത്തേക്കും റോഡുളളതിനാല്‍ വലിയ തിരക്കാണ് ഇവിടെ.
മുത്താമ്പി റോഡരികിലെ മല്‍സ്യ വില്‍പ്പന സംബന്ധിച്ച് കൊയിലാണ്ടി നഗരസഭാധികൃതരോട് നിരവധി തവണ പരാതിപ്പെട്ടിട്ടും ചെറു വിരലനക്കിയിട്ടില്ല. ആരോഗ്യ വകുപ്പോ,പോലീസോ മോട്ടോര്‍ വാഹന വകുപ്പോ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മുത്താമ്പിയില്‍ മല്‍സ്യ മാര്‍ക്കറ്റ് പണിയുമെന്ന് മിക്കവാറുമെല്ലാം നഗരസഭ ബഡജറ്റുകലിലും പ്രഖ്യാപനമുണ്ടാവും. എന്നാല്‍ മാര്‍ക്കറ്റിനായി സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഒരു നടപടിയുമുണ്ടായില്ല. മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ വില്‍പ്പന നടക്കുക റോഡ് വശത്തിലാണെന്നതിനാല്‍ കച്ചവടക്കാരും പ്രത്യേക മാര്‍ക്കറ്റ് പണിയുന്ന കാര്യത്തില്‍ വലിയ താല്‍പ്പര്യം കാണിക്കുന്നില്ല. കൊയിലാണ്ടി നഗരസഭയാണ് മുത്താമ്പിയില്‍ സൗകര്യപ്രദമായ സ്ഥലത്ത് മല്‍സ്യ മാര്‍ക്കറ്റ് പണിയേണ്ടത്. മുത്താമ്പി പാലം ഇറങ്ങി വരുന്ന റോഡരിക് മീന്‍ വില്‍പ്പന കേന്ദ്രമാക്കരുതെന്നാണ് നാട്ടുകാരുടെ പൊതുവേയുളള അഭിപ്രായം.