പരമ്പരാഗത മത്സ്യതൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കുടുംബം പുലര്‍ത്താനായി കണ്ണെത്താത്ത കടലാഴങ്ങളില്‍ ഇറങ്ങുന്ന മത്സ്യത്തൊഴിലാളികളാണ് അതിജീവനത്തിനായി തെരുവിലിറങ്ങിയത്. മാര്‍ച്ചിൽ ആയിരക്കണക്കിന് കടലിന്‍റെ മക്കൾ പങ്കെടുത്തു. കടല്‍സമ്പത്ത് പൂര്‍ണ്ണമായും നശിപ്പിക്കുന്ന നിരോധിത വലകള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗ് മത്സ്യബന്ധനം തടയുക, രാത്രിയില്‍ പ്രത്യേക ലൈറ്റ് ഉപയോഗിച്ചുളള മത്സ്യബന്ധനം തടയുക, മണ്ണെണ്ണ സബ്‌സിഡി പുനസ്ഥാപിക്കുക, വര്‍ദ്ധിപ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധിയും ലൈസന്‍സ് ഫീസും പിന്‍വലിക്കുക, കടലിലും കരയിലും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പോലീസും പരിശോധന ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.



