അറിയാനുള്ള അവകാശം ജനാധിപത്യത്തിൻ്റെ മുഖമുദ്രയാണെന്നും അതിൻ്റെ ഉപാധിയാണ് വിവരാവകാശ നിയമമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ടി കെ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിവരാവകാശ നിയമം ഉദ്യോഗസ്ഥരിൽ ഉത്തരവാദിത്വബോധവും ജനങ്ങളിൽ അവകാശ ബോധവും സൃഷ്ടിച്ചു. വിപ്ലവാത്മകമായ ഈ നിയമത്തെക്കുറിച്ച് ജനങ്ങൾ ഇന്ന് ഏറെ ബോധവാന്മാരാണ്. അവരിൽനിന്ന് വിവരം മറിച്ചു വെക്കാൻ സാധ്യമല്ല. അതിനാൽ വിവരാവകാശ അപേക്ഷകളിൽ വ്യക്തമായ മറുപടി നിശ്ചിത സമയത്തിനുള്ളിൽ നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവരാവകാശ നിയമം നടപ്പാക്കപ്പെട്ടിട്ട് 19 വർഷമായിട്ടും പല അപേക്ഷകളിലും വ്യക്തമായ വിവരങ്ങൾ ഇപ്പോഴും നൽകിയതായി കാണുന്നില്ല. ഇക്കാര്യത്തിൽ എസ്പിഐഒ മാർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. വിവരാവകാശ അപേക്ഷകളിൽ എത്രയും പെട്ടെന്ന് വ്യക്തമായ വിവരങ്ങൾ നൽകാൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരും ഒന്നാം അപ്പീലിൽ വിവരം ലഭ്യമാക്കുന്ന തരത്തിൽ തീർപ്പാക്കാൻ അപ്പലേറ്റ് അതോറിറ്റിയും പ്രത്യേകം ശ്രദ്ധ വയ്ക്കേണ്ടതാണെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ പറഞ്ഞു.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എസ്പിഐഒ , അപ്പലേറ്റ് അതോറിറ്റിമാർ എന്നിവർക്കായി സംഘടിപ്പിച്ച ശില്പശാലയിൽ സംസ്ഥാന വിവരാവകാശ കമ്മിഷനർ വിവരാവകാശ നിയമത്തെക്കുറിച്ച് ക്ലാസെടുത്തു. എഡിഎം സി മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. എൽഎസ്ജിഡി ഡെപ്യൂട്ടി ഡയരക്ടർ ബൈജു ജോസ് സ്വാഗതവും അസി. ഡയരക്ടർ കെ സരുൺ നന്ദിയും പറഞ്ഞു.