കോഴിക്കോട്: സര്‍ക്കാറിന്റെ സ്ത്രീ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചും, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ കേസ്സെടുക്കുകയും ചെയ്യുക, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, എം. മുകേഷ് എംഎല്‍എ എന്നിവര്‍ രാജിവെക്കുക, ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി. ഓഫീസിന് മുമ്പില്‍ പ്രതിഷേധ കൂട്ടായ്മ ‘നിര്‍ഭയം’ സംഘടിപ്പിച്ചു.
പരിപാടി കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. മുന്നറിയിപ്പില്ലാതെ പിരിഞ്ഞുപോയ സംഘടനയായി അമ്മ മാറി. അമ്മക്ക് പുതിയ നേതൃത്വം വരണം. അതിന്റെ പ്രാധാന പഥവികളില്‍ സഹോദരിമാരുണ്ടാവണം. കറകളഞ്ഞവര്‍ നേതൃത്വത്തില്‍ വന്ന് വിശ്വാസ്യത വീണ്ടെടുത്താലെ സിനിമ വ്യവസായത്തിന് ഇനിയൊരു തിരുച്ചുവരവുള്ളൂ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിച്ചവരുടെ രഹസ്യം ചെറിയ വെളിപ്പെടുത്തലിലൂടെതന്നെ കേരള സമൂഹത്തിന് ബോധ്യപ്പെട്ടു. സമൂഹത്തിന് നല്ല സംസ്‌കാരം സംഭാവന ചെയ്യേണ്ടവര്‍ സംസ്‌കാര ശൂന്യരായി മാറുന്ന കാഴ്ചയാണ് കേരളം കാണുന്നത്. അമ്മ അവര്‍ക്ക് വേണ്ടപ്പെട്ട സമ്പന്ന മക്കളെ മാത്രമെ സംരക്ഷിക്കുന്നുള്ളൂ. കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്തേക്കാളും ഈപറയുന്ന പവര്‍ഗ്രൂപ്പില്‍ തന്റെ സ്ഥാനത്തെ മുഖ്യമായി കാണുന്നു. വര്‍ത്തമാനകാല സംഭവങ്ങള്‍ കേരളത്തിന് മുഴുവന്‍ നാണക്കേടാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
സിനിമ മേഖലയില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ ഒരു കാരണം സിനിമ മേഖലയിലെ സ്ത്രീകളുടെ ആധിപത്യകുറവാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.കെ. രമ എംഎല്‍എ അഭിപ്രായപ്പെട്ടു. സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളിലുള്‍പ്പെടെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം കൊടുത്താലെ സ്ത്രീ സമൂഹത്തോടുള്ള മനോഭാവത്തില്‍ മാറ്റം വരുകയുള്ളുവെന്ന് രമ ചൂണ്ടി കാട്ടി. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന സിപിഎം നിലപാട് ആ പാര്‍ട്ടിയുടെ അപചയമാണ് കാണിക്കുന്നത്. മുകേഷ് രാജിവെക്കുകതന്നെ വേണം. മുകേഷ് രാജിവെച്ചിലെങ്കില്‍ രാജിവെപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അവര്‍ കൂട്ടിചേര്‍ത്തു.
സിനിമാ ലോകത്തെ പീഡനത്തിന് കാരണക്കാരായവരെ മുഴുവന്‍ പേരെയും നിയമത്തിന്റെ മുമ്പില്‍കൊണ്ടുവന്ന് അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നേടികൊടുത്തേ ഇതിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം അവസാനിപ്പിക്കുകയുള്ളുന്നു വെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്മണ്യന്‍, കെ.സി. അബു, എന്‍.കെ. അബ്ദുറഹ്മിന്‍, രത്‌നവല്ലി ടീച്ചര്‍, ഗൗരി പുതിയോത്ത്, ആര്‍. ഷെഹിന്‍, വി.ടി, സൂരജ്, കെ.സി. ശോഭിത എന്നിവര്‍ സംസാരിച്ചു. അഡ്വ. എം. രാജന്‍ സ്വാഗതവും അന്നമ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു.