ഓണക്കാല തിരക്ക് പരിഗണിച്ച് റെയിൽവേ കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ നീട്ടി. കൊച്ചുവേളിയിൽ നിന്ന് ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കുമുള്ള സർവീസുകളാണ് നീട്ടിയിരിക്കുന്നത്. ഇതോടെ ഇരുനഗരങ്ങളിലുമുള്ള മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷ്യൽ സർവീസുകൾ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കൊച്ചുവേളിയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിൻ (06083) സെപ്‌തംബർ 3, 10, 17, 24 തീയതികളിൽ സർവീസ് നടത്തും. തിരികെ ബെഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്കുള്ള ട്രെയിൻ (06084) സെപ്റ്റംബർ 4, 11, 18, 25 തീയതികളിലും സർവീസ് തുടരും. കൊച്ചുവേളി – ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ചൊവ്വാഴ്ചകളിൽ വൈകീട്ട് 6.05നാണ് സർവീസ് ആരംഭിക്കുക. പിറ്റേന്ന് രാവിലെ 10:55ന് ബെംഗളൂരുവിലെത്തും. മടക്കയാത്ര ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12:45ന് സർവീസ് ആരംഭിച്ച് പിറ്റേന്ന് രാവിലെ 6:45ന് കൊച്ചുവേളിയിലെത്തും.
ഡോ. എം ജി ആർ ചെന്നൈ – കൊച്ചുവേളി പ്രതിവാര സ്‌പെഷ്യൽ (06043) ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11, 18, 25 തീയതികളിലും തിരികെയുള്ള ട്രെയിൻ (06044) ഓഗസ്റ്റ് 29, സെപ്‌തംബർ 5, 12, 19, 26 തീയതികളിലും അധിക സർവീസ് നടത്തും. ചെന്നൈ – കൊച്ചുവേളി ട്രെയിൻ ബുധനാഴ്ച ഉച്ചയ്ക്ക് 3:45നാണ് യാത്ര ആരംഭിക്കുക. പിറ്റേന്ന് രാവിലെ 8:30ന് തിരുവന്തപുരത്തെത്തും. മടക്കയാത്ര വ്യാഴാഴ്ച വൈകീട്ട് 6:25ന് ആരംഭിക്കും. പിറ്റേന്ന് 11:25ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരുന്ന രീതിയിലാണ് സർവീസ്.