കൊയിലാണ്ടി: ഭിന്നശേഷിക്കാര്‍ക്ക് കുടുംബപെന്‍ഷന് വരുമാനപരിധി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് ബുദ്ധിപരമായ പരിമിതികളുള്ള വ്യക്തികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാര്‍ കേരള ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെ കാലശേഷം ബുദ്ധിപരമായ പരിമിതികളുള്ള മക്കളുടെ ജീവിതം കൂടുതല്‍ ദുര്‍ഘടമാക്കുകയാണ് ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പരിവാര്‍ കേരള സംസ്ഥാന പ്രസിഡന്റ് ടി.ടി.രാജപ്പന്‍, ജനറല്‍ സെക്രട്ടറി വി.ജെ. വിന്‍സെന്റ് എന്നിവര്‍ പറഞ്ഞു. ജൂലായ് 22-നാണ് 60,000 രൂപ വാര്‍ഷിക വരുമാനപരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം, സംസ്ഥാന സര്‍വീസില്‍നിന്നും പെന്‍ഷന്‍ പറ്റിയ വ്യക്തിയുടെ കാലശേഷം ആ വ്യക്തിയുടെ ജീവിതപങ്കാളിക്ക് കുടുംബപെന്‍ഷന്‍ ലഭിക്കും. ആശ്രിതരായ മാതാപിതാക്കള്‍, 25 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതയായ മകള്‍, ഭിന്നശേഷി മകന്‍/മകള്‍ എന്നിവര്‍ക്കും കുടുംബപെന്‍ഷന് അര്‍ഹതയുണ്ട്. അതില്‍ മാതാപിതാക്കള്‍, അവിവാഹിതയായ മകള്‍ എന്നിവര്‍ക്ക് നിശ്ചിത വാര്‍ഷിക വരുമാനത്തില്‍ കുറവാണെങ്കില്‍ മാത്രമേ കുടുംബപെന്‍ഷന് അര്‍ഹതയുണ്ടാവുകയുള്ളൂ. വാര്‍ഷിക വരുമാനപരിധി 2021 ഓഗസ്റ്റ് ഒന്ന് മുതല്‍ 60000 രൂപ ആക്കിയിരുന്നു. ആശ്രിതരായ ഭിന്നശേഷി മക്കള്‍ക്ക് വരുമാനപരിധിയില്ലാതെ കുടുംബപെന്‍ഷന്‍ ലഭിച്ചിരുന്നു. എന്നാല്‍, കുടുംബപെന്‍ഷന് അര്‍ഹതയുള്ള 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ഭിന്നശേഷി വ്യക്തികള്‍ക്കും പ്രസ്തുത വരുമാനപരിധി ഇപ്പോള്‍ ബാധകമാക്കിയിരിക്കയാണ്.
ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന 25 വയസ്സിന് മുകളിലുള്ളവര്‍ക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കും കുടുംബ പെന്‍ഷന്‍ അനുവദിക്കുന്നതിന് വരുമാന പരിധി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ജൂലായ് 22 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാര്‍ഷികവരുമാനം 60,000 രൂപയ്ക്ക് മുകളിലുള്ള കുടുംബങ്ങളിലെ ഭിന്നശേഷിക്കാര്‍ കുടുംബ പെന്‍ഷന് അര്‍ഹരല്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. കുടുംബപെന്‍ഷന് അര്‍ഹതയുള്ള ഭിന്നശേഷിക്കാരോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന് വ്യക്തമാക്കുന്ന ഉത്തരവാണിതെന്ന് രക്ഷിതാക്കളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കയാണ് ബൗദ്ധികപരിമിതികളുള്ള വ്യക്തികളുടെ രക്ഷിതാക്കള്‍. ഭിന്നശേഷി വ്യക്തികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം നിഷേധിച്ചു, ഭിന്നശേഷി സൗഹ്യദ സംസ്ഥാനം എങ്ങനെ യാഥാര്‍ത്യമാക്കുമെന്ന് പരിവാര്‍ ഭാരവാഹികള്‍ ചോദിച്ചു. സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിനെതിരാണ് ഈ ഉത്തരവ്. തീര്‍ത്തും ഔചിത്യമില്ലാത്ത ഉത്തവാണിതെന്ന് ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരെല്ലാം പറയുന്നത്.