വികസന മുരടിപ്പിന്റെ നേര്‍കാഴ്ചയായി കൊയിലാണ്ടി നഗരസഭയിലെ പെരുവട്ടൂര്‍ നടേരിക്കടവ് വിയ്യൂര്‍ ഇല്ലത്ത് താഴ റോഡ്. നഗരസഭയിലെ നാല് വാര്‍ഡുകളിലൂടെ കടന്നു പോകുന്ന ഈ റോഡ് വീതി കൂട്ടി നവീകരിക്കാനോ കുണ്ടും കുഴികളും അടച്ച് ഗതാഗത യോഗ്യമാക്കാനോ ഒരു നടപടിയും സ്വീകരിക്കുന്നില്ല. റോഡ് നവീകരണത്തിന് 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നാണ് നഗരസഭാധികൃതര്‍ പറയുന്നത്. എന്നാല്‍ പ്രവർത്തി തുടങ്ങിയിട്ടില്ല, പെരുവട്ടൂരില്‍ നിന്ന് ഈ റോഡ് വഴി പയ്യോളി തിക്കോടി, മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകുന്നവര്‍ ഏറെയാണ്. ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടാകുമ്പോഴും നിരവധി വാഹനങ്ങള്‍ ഇത് വഴി പോകാറുണ്ട്.
ഈ റോഡിന് പലയിടത്തും എട്ട് മുതല്‍ 10 മീറ്റര്‍ വരെ വീതിയുണ്ട്. എന്നാല്‍ ടാര്‍ ചെയ്ത ഭാഗം വളരെ കുറവാണ്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കണമെങ്കില്‍ റോഡില്‍ നിന്ന് ഇറക്കണം. പലയിടത്തും റോഡില്‍ കുഴികളാണ്. നടേരി അക്വഡേറ്റിന് സമീപം മൂന്നിടത്തും പാതാള കുഴിയാണ്. ഇവിടെ ചെറിയൊരു ഭാഗത്ത് ഒന്നര വര്‍ഷം മുമ്പ് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. എന്നാല്‍ കുഴിയടക്കാതെ , കുഴികളില്ലാത്ത സ്ഥലത്താണ് കോണ്‍ക്രീറ്റ് നടത്തിയത്. നഗരസഭാധികൃതരുടെ ഭാഗത്തു നിന്നുളള ഗുരുതര വീഴ്ചയാണിത്. വിയ്യൂര്‍ ഇല്ലത്ത് താഴ ഭാഗത്ത് ഒരിഞ്ച് സ്ഥലം പോലും റോഡില്‍ തകരാന്‍ ബാക്കിയില്ല.
നിര്‍ദ്ദിഷ്ട നടേരിക്കടവ് പാലം ഈ റോഡുമായി ബന്ധപ്പെടുത്തിയാണ് നിര്‍മ്മിക്കേണ്ടത്. കൊയിലാണ്ടി നഗരത്തിലെ തിരക്കില്‍പ്പെടാതെ മുത്താമ്പി, പെരുവട്ടൂര്‍ വഴി വരുന്നവര്‍ക്കെല്ലാം എളുപ്പത്തില്‍ നടേരിക്കടവ്, വിയ്യൂര്‍, ഇല്ലത്ത് താഴ, കൊടക്കാട്ടും മുറി, മുചുകുന്ന്, പുറക്കാട് വഴി തിക്കോടിയിലും പയ്യോളിയിലുമൊക്കെയെത്താം. അതു കൊണ്ട് തന്നെ ധാരാളം വാഹനങ്ങള്‍ ഇതു വഴി പോകുന്നുണ്ട്. ഈ റോഡിലൂടെ മുമ്പ് ബസ്സ് സര്‍വ്വീസ് ഉണ്ടായിരുന്നു.
പെരുവട്ടൂര്‍ നടേരിക്കടവ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നാണ് പ്രധാനപ്പെട്ട ജനകീയാവശ്യം. നഗരസഭയിലെ ഏറ്റവും പ്രധാപ്പെട്ട റോഡാണിത്. നടേരിക്കടവ് ഭാഗത്തേക്ക് ഒരു ബസ് റൂട്ടിനു വേണ്ടി ജനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന് ഇതുവരെ ഒരു പരിഹാരവും ആയിട്ടില്ല. നടേരി കടവില്‍ നിന്ന് പെരുവട്ടൂര്‍ വരെ വന്നിട്ട് വേണം വിദ്യാര്‍ത്ഥികളടക്കമുളള യാത്രക്കാര്‍ ബസ് കയറാന്‍.